മുഖ്യമന്ത്രി ഇടപെട്ടു; കരുവന്നൂരിൽ മൂന്ന് ദിവസത്തിനകം നിക്ഷേപകർക്ക് തുക

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ. കേരളബാങ്കിൽ നിന്നും ഉടൻ 50 കോടി കൈമാറി പ്രതിഷേധമുയർത്തിയ നിക്ഷേപകരുടെ തുക നൽകാനാണ് നിർദേശം. മൂന്ന് ദിവസത്തിനുള്ളിൽ ഈ തുക നൽകി പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യം.

തുക അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ശനിയാഴ്ച രാവിലെ 11ന് ചേരും. വെള്ളിയാഴ്ച തൃശൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ബാങ്ക് വൈസ് ചെയർമാനും സതീഷ് കുമാറിന് ഇടപാടുകൾക്ക് സഹായം ചെയ്തുവെന്ന് ആരോപിക്കുന്ന തൃശൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജില്ലയിലെ മറ്റ് മുതിർന്ന നേതാക്കളും കൂടെയുണ്ടായിരുന്നു. കരുവന്നൂരുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ചും പരിഹാര സാധ്യതകളെ കുറിച്ചും നേതാക്കളിൽ നിന്നും മുഖ്യമന്ത്രി വിശദാംശങ്ങൾ തേടി. ഇതിന് പിന്നാലെയാണ് കരുവന്നൂർ സഹകരണ ബാങ്കിന് 50 കോടി കേരള ബാങ്ക് അഡ്വാൻസ് ചെയ്യുകയെന്ന പരിഹാര നിർദേശം മുഖ്യമന്ത്രി നൽകിയത്. ഇതുപയോഗിച്ച് പരാതി ഉയർത്തിയതും അടിയന്തരാവശ്യങ്ങളുള്ളതുമായ നിക്ഷേപകർക്ക് മൂന്നു ദിവസത്തിനുള്ളിൽ പണം തിരികെ നൽകാനാണ് നീക്കം. കേരള ബാങ്ക് മുടക്കുന്ന തുക പിന്നീട് കൺസോർട്യത്തിൽ നിന്ന് സമാഹരിക്കും.

കഴിഞ്ഞ ദിവസം നടന്ന ജില്ല കമ്മിറ്റിയിൽ കരുവന്നൂർ ബാങ്ക് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾക്ക് സി.പി.എം തീരുമാനിച്ചിരുന്നു. ഇതിന് നിക്ഷേപം സ്വീകരിക്കാൻ സി.പി.എം നേതാക്കൾ തന്നെ രംഗത്തിറങ്ങാനാണ് തീരുമാനം. നിലവിലെ നിക്ഷേപകരെ ജില്ല-സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്യും. വ്യാഴാഴ്ച നടന്ന പാർട്ടിയുടെ റിപ്പോർട്ടിങ്ങിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. നിക്ഷേപങ്ങൾക്കൊപ്പം റവന്യൂ റിക്കവറി വേഗത്തിലാക്കുകയും ചെയ്യും. നേരത്തെ കേരള ബാങ്ക് മേൽനോട്ടത്തിൽ കൺസോർട്യം രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പിലായിരുന്നില്ല. ഇത് വീണ്ടും ശക്തമാക്കാനാണ് തീരുമാനം.

സ്ഥിരനിക്ഷേപം കാലാവധി പൂർത്തിയായ അയ്യായിരത്തോളം പേർക്ക് നൽകാൻ 150 കോടിയോളം വേണം. 50 കോടി കേരള ബാങ്കിലൂടെയും 100 കോടി നിക്ഷേപമായും കണ്ടെത്താനാവുമെന്നുമാണ് പ്രതീക്ഷ. 30 കോടി ബാങ്കിന് കൈമാറിയതായി കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പറഞ്ഞു. 40 കോടി കൂടി ലഭ്യമായാൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Chief Minister intervened; Amount to investors within three days in Karuvannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.