ചരിത്രത്തെ സങ്കുചിത താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കുന്ന കാലത്ത് എം.ജി.എസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്; അനുശോചിച്ച് മുഖ്യമന്ത്രി

'ചരിത്രത്തെ സങ്കുചിത താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കുന്ന കാലത്ത് എം.ജി.എസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്'; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം.ജി എസ് നാരായണനെ വേറിട്ടു നിർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോച കുറിപ്പിൽ പറഞ്ഞു. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.

ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എം.ജി.എസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമ്മം അപഗ്രഥിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചരിത്രത്തെയും ചരിത്രരചനയെയും ഒരു വിജ്ഞാന രൂപമായി വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം വീണ്ടും പഠിക്കപ്പെടാനും അപഗ്രഥിക്കപ്പെടാനുമുള്ള രചനകളാണ് സമൂഹത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കലിക്കറ്റ് സർവകലാശാലയുടെ ചരിത്രവിഭാഗം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയർന്നിരുന്നു.

ഒരു ഘട്ടത്തിൽ അദ്ദേഹം ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിശിതമായ വിമർശനമുയർത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം ചരിത്രരചനയെ സങ്കുചിത താല്പര്യങ്ങൾക്ക് അടിപ്പെടുത്താനുള്ള വലതുപക്ഷ സമ്മർദ്ദത്തെ ശക്തമായി ചെറുത്തു കൊണ്ട് അദ്ദേഹം നിലപാട് സ്വീകരിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു. രാജ്യത്ത് സംഘപരിവാർ ഭരണത്തിൽ വർധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ 2015 ൽ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറ്റു ചരിത്രകാരന്മാർക്കൊപ്പം പ്രതിഷേധിച്ചത്. നോട്ടു നിരോധനത്തെ വിമർശിച്ചതിന് എം.ടി വാസുദേവൻ നായർക്കെതിരെ വിദ്വേഷ പ്രചാരണം നടന്നപ്പോൾ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമായി അദ്ദേഹം എം.ടിക്ക് ഉറച്ച പിന്തുണ നൽകി.

ചരിത്രത്തെ സങ്കുചിത താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കാനും തിരുത്തിയെഴുതാനും സംഘടിത ശ്രമം നടക്കുന്ന ഇക്കാലത്ത് എം.ജി.എസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 


Tags:    
News Summary - Chief Minister Pinarayi Vijayan's condolences on the passing of MGS Narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.