കൊച്ചി: വ്യാവസായിക സ്ഥാപനങ്ങളിലെ അപകടങ്ങള്‍ ലഘൂകരിക്കുകയല്ല അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന (ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് 2023 - സുരക്ഷിതം 2.0) അന്താരാഷ്ട്ര സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലാം വ്യാവസായിക വിപ്ലവം മുന്‍നിര്‍ത്തി തൊഴില്‍ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന വിദേശത്തു നിന്നുളള വിദഗ്ധരില്‍ നിന്ന് കേരളത്തിന് ഏറെ കാര്യങ്ങള്‍ മനസിലാക്കാനുണ്ട്. സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്.
വ്യവസായിക രംഗത്തുള്ളവരും വിദഗ്ധരും തമ്മിലുള്ള ആശയ കൈമാറ്റത്തിലൂടെ ഈ പുതിയ നിയമങ്ങള്‍ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കൃത്യമായ അവബോധത്തിലൂടെ മാത്രമേ ഏതൊരു നിയമവും വിജയകരമായി നടപ്പാക്കാനാകൂ. അവബോധത്തിന്റെ അഭാവത്തില്‍ നിയമം നടപ്പാക്കുന്നതിരേ ചില സാഹചര്യങ്ങളില്‍ പ്രതിരോധമുയരാറുണ്ട്. നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യത്തെ ഹനിക്കുന്നതാകും അത്തരം പ്രതിരോധങ്ങള്‍.
നിക്ഷേപ, വ്യവസായ സൗഹൃദ സമീപനങ്ങളില്‍ വലിയ കുതിച്ച് ചാട്ടമാണ് സംസ്ഥാനം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ഇന്ത്യയിലെ മികച്ച പദ്ധതിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് തുടക്കമിട്ട 1,27000 സംരംഭങ്ങളില്‍ 15.71 ശതമാനം സംരംഭങ്ങള്‍ ഉത്പാദന മേഖലയിലാണ്. അടുത്തിടെ ഉത്പാദന മേഖലയിലെ സംരംഭങ്ങളുടെ ഓഹരി വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 13 ശതമാനത്തിലെത്തിയിരുന്നു. കേരളത്തില്‍ ഉത്പാദന മേഖല വളര്‍ച്ച കൈവരിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ കാണാം.
തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ നിന്നും തൊഴില്‍ജന്യരോഗങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന സ്മാര്‍ട്ട് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ കോണ്‍ക്ലേവിലെ ആശയവിനിമയത്തിലൂടെ ലഭ്യമാകുന്ന കൂട്ടായ അറിവുകള്‍ നിർണായകമാകും. സുരക്ഷിതവും ആരോഗ്യകരവുമായ ഉത്പാദന മേഖലയുടെ വികാസത്തിന് കോണ്‍ക്ലേവ് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.