നവകേരള സദസിലെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടമായ അമ്മക്കും മകള്‍ക്കും അതിവേഗത്തിൽ ആശ്വാസം

തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ നവകേരള സദസിൽ അപേക്ഷ നൽകിയ വിധവക്ക് അതിവേഗത്തിൽ സഹായം. വീടിന്റെ പുനർനിർമാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ദുരന്തപ്രതികരണ നിധിയിൽ നിന്നും 1,30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2,70,000 രൂപയും ചേർത്താണ് നാല് ലക്ഷം രൂപ ഇവർക്ക് ലഭിക്കുക. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിധവയായ അടൂർ മാരൂർ സൂര്യഭവനത്തിൽ ശ്യാമളയ്ക്കാണ് നവകേരള സദസിൽ നൽകിയ അപേക്ഷയിലൂടെ അതിവേഗത്തിൽ ആശ്വാസം ലഭിച്ചത്.

2023 മർച്ച് ആറിനാണ് ശ്യാമളയും മകളും താമസിച്ചിരുന്ന വീട് പ്രകൃതിക്ഷോഭത്തിൽ ഏതാണ്ട് പൂർണമായും തകർന്നത്. വീട് നഷ്ടപ്പെട്ടതോട് കൂടി മറ്റാരുടെയും ആശ്രയമില്ലാത്ത ശ്യാമളയും മകളും തൊട്ടടുത്ത് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. പ്രകൃതിക്ഷോഭത്തിലെ ധനസഹായത്തിനായി സംസ്ഥാന ദുരന്ത സഹായ നിധിയിലേക്ക് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ തഹസിൽദാർ, അസി. എഞ്ചിനിയർ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് എന്നിവർ നടത്തിയ പരിശോധനയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീഴുകയും അടിത്തറക്കും ഭിത്തിക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി കണ്ടെത്തി കലക്ടർക്ക് റിപ്പോർട്ട് ചെയ്തു.

95 ശതമാനം തകർന്ന വീട് വാസയോഗ്യമല്ലെന്നും പരിശോധനയിൽ വ്യക്തമായി. പിന്നീട് നവകേരള സദസ്സിൽ ലഭിച്ച ശ്യാമളയുടെ അപേക്ഷ പരിശോധിച്ചതിൽ അവർ ധനസഹായത്തിന് അർഹയാണെന്ന് മനസിലാക്കി അടിയന്തര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചു. ഇതേതുടർന്നാണ് ദുരന്ത പ്രതികരണ നിധിയിൽ നിന്നും പൂർണ ഭവന നാശത്തിന് മലയോര പ്രദേശത്ത് അനുവദിക്കേണ്ട പരമാവധി ആശ്വാസ തുകയായ 1,30,000 രൂപ അനുവദിച്ചത്.

വിധവയും പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആളുമായ ശ്യാമളയുടെ സ്ഥിതി ഒരു പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2,70,000 രൂപ കൂടി അടിയന്തരമായി അനുവദിക്കുകയായിരുന്നു. 

Tags:    
News Summary - Chief Minister's intervention in Navakerala Sadas complaint; Quick relief for mother and daughter who lost their home in natural calamity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.