തൃശൂർ: ഒരിടവേളക്കുശേഷം ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള കുട്ടിക്കടത്ത് സജീവമാകുന്നു. ട്രെയിൻ സർവിസ് സജീവമായതോടെയാണ് മതിയായ രേഖകളില്ലാതെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ എത്തുന്നത്.
നിർമാണജോലികളിൽ സഹായിക്കാനോ വീടുകളിൽ സഹായിക്കാനോ എന്ന വ്യാജേനയാണ് എത്തിക്കുന്നത്. ഇത്തരത്തിൽ ബന്ധുക്കളോ രേഖകളോ ഇല്ലാതെ ഝാർഖണ്ഡിൽനിന്ന് എത്തിയ പെൺകുട്ടിയടക്കം രണ്ടുപേരെ തൃശൂരിൽ റെയിൽവേ സുരക്ഷാസേന പിടികൂടി ചൈൽഡ് ലൈനിനെ ഏൽപിച്ചു.
ശിശുക്ഷേമസമിതി ജില്ല ഓഫിസിൽ ഹാജരാക്കിയ ഇവരെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി. ബന്ധുക്കളെ അറിയിക്കാൻ ബന്ധപ്പെട്ട സംസ്ഥാനത്തിലെ ചൈൽഡ് ലൈനിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജനുവരിയിൽ 11 കേസുകളാണ് തൃശൂർ ചൈൽഡ് ലൈനിലെത്തിയത്. ഇതിൽ ഏറെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻമാർഗം എത്തിയ പ്രായപൂർത്തിയാകാത്തവരാണ്.
പെൺകുട്ടികളുടെ എണ്ണവും ഏറെയാണ്. ബന്ധുക്കൾ ഇല്ലാതെ എത്തുന്ന ഇവർ ലൈംഗികചൂഷണം ഉൾപ്പെടെ ചതിക്കുഴികളിൽ വീഴാറുണ്ട്. ട്രെയിനിറങ്ങുന്നവരിൽ സംശയംതോന്നുന്ന ചിലരുടെ രേഖകൾ റെയിൽവേ പൊലീസ് ഇടക്ക് പരിശോധിക്കുന്നുവെന്നല്ലാതെ കൃത്യമായ പരിശോധനകൾ നടക്കുന്നില്ല.
ഫെബ്രുവരിയിൽ അഞ്ചിൽ കൂടുതൽ കേസുകൾ ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഒക്ടോബറിൽ രണ്ടും നവംബർ, ഡിസംബർ മാസങ്ങളിൽ മൂന്നു വീതവും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിനിടെ ചൈൽഡ്ലൈനിൽ എത്തിയ രണ്ടു കുട്ടികൾക്ക് കോവിഡ് ബാധിച്ചെന്ന് പരിശോധനയിൽ കണ്ടെത്തി. അവരെ പ്രത്യേകം പാർപ്പിച്ചിട്ടുണ്ട്.
ആത്മ ഫൗണ്ടേഷൻ എന്ന സർക്കാറിതര സ്ഥാപനമാണ് ചൈൽഡ്ലൈൻ കൈകാര്യം ചെയ്യുന്നത്. ഇവിടത്തെ 12 ജീവനക്കാരിൽ മൂന്നുപേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതിനാലുണ്ടായ നിയന്ത്രണം ചൈൽഡ്ലൈൻ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.