പാലക്കാട്: അനധികൃതമായി കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ രണ്ട് പേർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. ഫാ. ജോൺ, മാത്യു ജോർജ് എന്നിവർക്കെതിരെയാണ് ഇന്ത്യൻ ശിക്ഷാനിയമം 370 പ്രകാരം കേസ്. ബുധനാഴ്ചയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറക്ക് സമീപം മേനോമ്പാറയിലെ വീട്ടിൽ അനധികൃതമായി താമസിപ്പിച്ചിരുന്ന 14 കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 10-നും 15നുമിടയിൽ പ്രായമുള്ളവരാണ് കുട്ടികൾ.
‘ഗ്രേസ് കെയർ മൂവ്മെൻറ്’ എന്ന സ്ഥാപനമാണ് കുട്ടികളെ എത്തിച്ചത്. ഇവർക്ക് പാലക്കാട്ട് സ്ഥാപനങ്ങളൊന്നുമില്ല. എന്നാൽ, തങ്ങളുടെ കൈവശം ആവശ്യമായ രേഖകളുണ്ടെന്ന നിലപാടിലായിരുന്നു ബുധനാഴ്ച ‘ഗ്രേസ്കെയർ’ അധികൃതർ. തുടർന്ന് വ്യാഴാഴ്ച മുട്ടികുളങ്ങര ചിൽഡ്രൻസ് ഹോമിൽ ആവശ്യമായ രേഖകളുമായെത്താൻ ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സാധിച്ചില്ല. ഹാജരാക്കിയ രേഖകൾ സി.ഡബ്ല്യു.സിയും ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ ഓഫിസർമാരും ചേർന്നാണ് പരിശോധിച്ചത്. അത് തൃപ്തികരമല്ലാത്തതിനെ തുടർന്ന് കേസെടുക്കാൻ കൊഴിഞ്ഞാമ്പാറ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. മേനോൻപാറയിൽ എത്തുന്നതിന് മുമ്പ് കോയമ്പത്തൂരിലെ ചാവടിയിൽ ഒരു വർഷം താമസിച്ച് പഠിച്ചിട്ടുണ്ടെന്ന് കുട്ടികൾ അറിയിച്ചതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് പോൾ അറിയിച്ചു. കുട്ടികളെ താൽക്കാലികമായി ചിൽഡ്രൻസ് ഹോമിൽ തന്നെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരുടെ സംസ്ഥാനങ്ങളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമേ കുട്ടികളെ മാറ്റുന്ന കാര്യം ആലോചിക്കൂവെന്നും ഫാ. ജോസ്പോൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.