കൊച്ചി: സംസാരം, ഭാഷാ വികസനം, ഓട്ടിസം തുടങ്ങിയ വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ഇനി അംഗൻവാടിയുടെ കരുതലും. ഇത്തരത്തിൽ രണ്ടിനും മൂന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളെ അംഗൻവാടികളിൽ പ്രവേശിപ്പിക്കാൻ വനിത, ശിശു വികസന വകുപ്പ് നിർദേശിച്ചു. ദിവസങ്ങൾക്കു മുമ്പ് വകുപ്പു മന്ത്രി വീണ ജോർജ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
ആവശ്യമെങ്കിൽ അമ്മ, അമ്മൂമ്മ ഇവരിൽ ഒരാൾക്കും അംഗൻവാടിയിൽ നിൽക്കാം. അംഗൻവാടി പ്രവേശനം കുട്ടികളുടെ സാമൂഹിക, മാനസിക വികാസത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ (സി.ഡി.സി) കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരം പ്രശ്നങ്ങളനുഭവിക്കുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി വേണ്ട ഇടപെടലുകൾ നടത്തുന്നത് ഏറെ പ്രധാനമാണ്.
ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികൾ കൂടുതലായി അംഗൻവാടികളിൽ എത്തിച്ചേരുന്ന സാഹചര്യം ഉണ്ടായാൽ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായം കൂടി ഈ വിഷയത്തിൽ തേടാമെന്നും വകുപ്പിന്‍റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സംരക്ഷകർക്ക് അംൻവാടിയുടെ പ്രവർത്തനത്തിന് തടസം വരാത്ത രീതിയിൽ നിൽക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. വികാസവെല്ലുവിളി നേരിടുന്ന കുരുന്നുകളുടെ വളർച്ചയിൽ ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വനിത, ശിശു വികസന വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.