ചൈനീസ് മണി ആപ്; ഇരകളിലേറെയും മലയാളികൾ

കൊച്ചി: ചൈനീസ് മണി ആപ്പുകളിൽനിന്ന് പണം കടമെടുത്ത് കുടുങ്ങുന്നവരിൽ മുന്നിൽ മലയാളികൾ. കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കാനൊരുങ്ങുന്നതോടെ വായ്പയുടെ മറവിൽ കൊള്ള നടത്തിയിരുന്ന ആപ്പുകൾക്കും തട്ടിപ്പുകാർക്കുമാണ് തിരിച്ചടിയാകുന്നത്.

ഇത്തരം ആപ്പുകളിൽനിന്ന് പണം കടമെടുത്ത് ആത്മഹത്യ ചെയ്തവരും മാനം നഷ്ടപ്പെട്ടവരും നിരവധിയാണ്. പൊലീസും വിവിധ അന്വേഷണ ഏജൻസികളും മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാകുന്നതെന്ന് സൈബർ പൊലീസ് അധികൃതർ വ്യക്തമാക്കുന്നു.

എന്നാൽ, തട്ടിപ്പിനിരയായാലും പരാതിപ്പെടുന്നവരുടെ എണ്ണം കുറവാണ്. ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ നൽകിയാൽ ആപ്പുകൾ വായ്പ നൽകും. ആപ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിൽനിന്ന് മൊബൈൽ നമ്പർ, സ്വകാര്യ വിവരങ്ങൾ, ചിത്രങ്ങൾ, വിഡിയോസ് തുടങ്ങിയവ ശേഖരിക്കും.

2000 രൂപ കടമെടുത്താൽ ഏഴു ദിവസത്തിനകം തിരിച്ചടവ് 3000 രൂപവരെയാണ്. 500 ശതമാനം വരെ പലിശ ഈടാക്കുന്നവരുമുണ്ടെന്ന് ഈ ആപ്പുകൾ ഉപയോഗിച്ചവർ പറയുന്നു. നിശ്ചിത ദിവസത്തിനുള്ളിൽ തുകയും പലിശയും അടക്കാൻ കഴിഞ്ഞില്ലെങ്കിൽ വിവിധ നമ്പറുകളിൽനിന്ന് വിളികൾ വരും.

ഹിന്ദിയും ഇംഗ്ലീഷുമാണ് കൂടുതൽ പേരും സംസാരിക്കുക. പിന്നീട് അവർ പറയുന്ന തുകയാണ് അടക്കേണ്ടി വരുക. 12,000 രൂപ കടമെടുത്തയാളോട് ഒരു ദിവസം വൈകിയതിന് 30,000 രൂപയാണ് അടക്കാൻ ആവശ്യപ്പെട്ടത്. സമയത്ത് തിരിച്ചടച്ചാലും അത് ആപ്പിൽ അടയാളപ്പെടുത്തില്ല.

പകരം വായ്പ തുക മുടങ്ങി എന്നപേരിൽ വീണ്ടും പണവും പലിശയും ആവശ്യപ്പെടും. അതിനൊപ്പം കടമെടുത്തയാളുടെ സ്വകാര്യ വിവരങ്ങൾ അദ്ദേഹത്തിന്‍റെ ഫോണിലെ കോണ്ടാക്ടുകളിലേക്ക് പ്രചരിപ്പിക്കും.

ഇത്തരത്തിൽ വായ്പ നൽകുന്ന 600ലേറെ അനധികൃത ആപ്പുകൾ രാജ്യത്തുണ്ടെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ച കമ്മിറ്റി 2021ൽ കണ്ടെത്തിയത്. ഇപ്പോഴിവ ആയിരത്തിലേറെ വരുമെന്ന് സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. യുവാക്കളും വിദ്യാർഥികളുമാണ് തട്ടിപ്പിൽ കൂടുതലും ഇരയായിട്ടുള്ളത്.

Tags:    
News Summary - Chinese Money App-Most of the victims are Malayalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.