ചൊക്രമുടി: 1965 -1970 ലെ അഞ്ച് പട്ടയങ്ങൾ ദുരുപയോഗം ചെയ്താണ് കൈയേറ്റം നടത്തിയതെന്ന് കെ. രാജൻ

തിരുവനന്തപുരം : ദേവിക്കുളം താലൂക്കില്‍ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയിൽ 1965 -1970 കാലഘട്ടത്തിലെ അഞ്ച് പട്ടയങ്ങൾ ദുരുപയോഗം ചെയ്താണ് കൈയേറ്റം നടത്തിയതെന്ന് മന്ത്രി കെ. രാജൻ. നിയമസഭയിൽ മേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 3060 ഏക്കർ വരുന്ന ഒരു വലിയപ്രദേശം ഒരു മൈനർ സർക്യൂട്ട് ആയി സർവേ ചെയ്ത് 27/1 എന്ന സർവേ നമ്പറിൽ ഉള്‍പ്പെടുത്തിയിരുന്നു.

ഈ ഭൂമിയിൽ നിന്നാണ് മുൻപ് പട്ടയങ്ങൾ നൽകിയിട്ടുള്ളത്. ഈ പട്ടയങ്ങൾ പ്രകാരമുള്ള സ്ഥലങ്ങളാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോള്‍ റീസർവേ ബ്ലോക്ക് നമ്പര്‍ നാലിൽ സര്‍വ്വേ 35 ല്‍പ്പെട്ട 876 ഏക്കര്‍ വരുന്ന ഭൂമിയുടെ ഒരു ഭാഗത്ത് കൈയേറ്റം നടന്നിട്ടുള്ളത്. ട്ടയങ്ങളെ കുറിച്ചും അനധികൃത കൈയേറ്റത്തെ കുറിച്ചും നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് എൻ.ഒ.സി ലഭ്യമായത് സംബന്ധിച്ചും അന്വേഷണം നടത്തി കലക്ടര്‍ക്ക് 2024 ഒക്ടോബർ രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് താല്‍ക്കാലിക ശിപാര്‍ശകളടങ്ങുന്ന റിപ്പോര്‍ട്ട് 2024 ഒക്ടോബർ അഞ്ചിന് ലാന്റ് റവന്യൂ കമീഷണര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ പരാതിക്കാസ്വദമായ സ്ഥലം ദേവികുളം താലൂക്കില്‍ ബൈസണ്‍ വാലി വില്ലേജിലെ റീസർവേ ബ്ലോക്ക് നമ്പര്‍ 4-ല്‍ സർവേ 35 ല്‍പ്പെട്ടതും 876 ഏക്കര്‍ വരുന്നതുമായ സര്‍ക്കാര്‍ പാറ പുറമ്പോക്ക് ഭൂമിയാണ്. ചോക്രമുടിയിൽ ഭൂമി കൈയേറ്റം നടന്നിട്ടുണ്ട് എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

1974 ലാണ് ഈ പ്രദേശത്ത് റീസര്‍വ്വേ നടന്നത്. റീ സർവേയില്‍ മേല്‍ പറഞ്ഞ 876 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കൈവശത്തിലുളള പാറ പുറമ്പോക്ക് ആയി കാണുകയും അതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റെക്കോർഡുകൾ തയാറാക്കുകയും ചെയ്തിരുന്നു. ആരുടെയും കൈവശവും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ ആരും നാളിതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. പട്ടയത്തിൽ ഉൾപ്പെട്ട ഭൂമിയിൽ അല്ല കൈയേറ്റം നടന്നതെന്നും 1974 ലെ റീസർവേ റിക്കാര്‍ഡ് പ്രകാരം പാറ പുറമ്പോക്കായി കിടക്കുന്ന ഭൂമിയിലാണ് കൈയേറ്റം നടന്നിട്ടുള്ളത്.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൈയേറ്റം ഒഴിപ്പിക്കാന്‍ നിർദേശിച്ച് കൊണ്ട് ഒരു ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പതിച്ചു നല്‍കാനാകാത്തതും പാരിസ്ഥിതികമായി റെഡ് സോണില്‍ ഉള്‍പ്പെടുന്നതുമായ പ്രദേശത്തുളള അനധികൃത കൈയേറ്റം തടയാത്ത ഉദ്യോഗസ്ഥരെയും അനധികൃത നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് എൻ.ഒ.സി അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥരെയും സർവീസില്‍ നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഭൂ സംരക്ഷണ നിയമ പ്രകാരമുളള നടപടി സ്വീകരിക്കുന്നതിനും അതോടൊപ്പം മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരമുളള അടിയന്തര നടപടി സ്വീകരിക്കുന്നതിനും ഈ ഉത്തരവില്‍ നിർദേശിച്ചു.

സംസ്ഥാനത്ത് പുരോഗമിച്ച് വരുന്ന ഡിജിറ്റല്‍ സർവേയിലൂടെ സര്‍ക്കാര്‍ ഭൂമിയിലുള്ള മുഴുവന്‍ കൈയേറ്റവും കണ്ടെത്താന്‍ കഴിയും. അത്തരത്തില്‍ കണ്ടെത്തുന്ന മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

Tags:    
News Summary - Chokramudi: K. Rajan said that the encroachment was done by misusing five pattayas of the period 1965-1970.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.