കൊച്ചി: 2020ലെ കേരള ക്രിസ്ത്യൻ (മലങ്കര ഓർത്തഡോക്സ്-യാക്കോബായ) സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യാനുള്ള അവകാശം സംരക്ഷിക്കൽ നിയമത്തിനെതിരായ ഹരജിയിൽ വിശദീകരണത്തിന് ഹൈകോടതി സർക്കാറിന് മൂന്നാഴ്ചകൂടി സമയം അനുവദിച്ചു.പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീം കോടതി വിധിക്ക് വിരുദ്ധവും സ്വേച്ഛാപരവും വിവേചനപരവുമാണ് നിയമമെന്ന് ചൂണ്ടിക്കാട്ടി മലങ്കര ഓർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിശദീകരണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം അനുവദിക്കുകയായിരുന്നു.യാക്കോബായ വിഭാഗത്തിലെ ഇടവകാംഗങ്ങൾ മരിച്ചാൽ സഭാതർക്കം കണക്കിലെടുക്കാതെ സെമിത്തേരിയിൽ സംസ്കരിക്കാൻ അവകാശം നൽകുന്നതാണ് 2020 ഫെബ്രുവരി 18ന് കൊണ്ടുവന്ന നിയമം.
കെ.എസ്. വർഗീസ് കേസിൽ ഒാർത്തഡോക്സ്-യാക്കോബായ സഭാ തർക്കം പരിഗണിച്ച സുപ്രീം കോടതി 1934ലെ സഭാ ഭരണഘടനയനുസരിച്ചാണ് പള്ളികൾ ഭരിക്കേണ്ടതെന്ന് ഉത്തരവിട്ടിരുന്നു. ഇൗ വിധി മറികടക്കാനാണ് കേരള ക്രിസ്ത്യൻ സെമിത്തേരി നിയമം സർക്കാർ നടപ്പാക്കുന്നതെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.