കൊച്ചി: അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെപ്പോലും വിശ്വാസത്തിലെടുക്കാതെ ബി.ജെ.പി നേതാക്കൾ ക്രിസ്മസ് കാലത്ത് അരമനകൾ കയറിയിറങ്ങുന്ന ‘ക്രിസ്ത്യൻ ഔട്ട്റീച്’ പരിപാടി ഉദ്ദേശിച്ച രാഷ്ട്രീയ ലക്ഷ്യം നേടാൻ പര്യാപ്തമല്ലെന്ന് സഭക്കുള്ളിൽ വിമർശനം. സഭയിൽ സ്വാധീനമുള്ള, സംഘ്പരിവാർ അനുകൂല ക്രൈസ്തവ സംഘടനകളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിൽ ബി.ജെ.പി നേതൃത്വം പരാജയപ്പെട്ടെന്നും നരേന്ദ്ര മോദിയോട് ചേർന്നുപോകണമെന്ന് ആഗ്രഹമുള്ളവരെപ്പോലും നിരാശരാക്കുന്ന സമീപനമാണ് കേരള ബി.ജെ.പി നേതാക്കളുടേതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി അകറ്റിനിർത്തേണ്ട പാർട്ടിയല്ലെന്ന് നേരത്തേ പറഞ്ഞവർപോലും ‘ക്രിസ്ത്യൻ ഔട്ട്റീച്ചി’നെ തള്ളുകയാണ്. വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രതികരിക്കുന്നില്ല. ക്രൈസ്തവരെ ബി.ജെ.പിയോടടുപ്പിക്കാൻ സഭയോടടുത്ത് നിൽക്കുന്നവർ രൂപവത്കരിച്ച നാഷനൽ പ്രോഗ്രസിവ് പാർട്ടിയും (എൻ.പി.പി) ബി.ജെ.പി നിലപാട് വെറും പ്രദർശനം മാത്രമെന്ന് വിലയിരുത്തുന്നു. സന്ദർശനം വോട്ടാക്കി മാറ്റുന്നതിന് പ്രായോഗിക സമീപനമില്ലെന്നും സഹകരണം അഭ്യർഥിക്കുകപോലുമുണ്ടായില്ലെന്നും എൻ.പി.പി വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. മണിപ്പൂർ വംശഹത്യ മറക്കാനാവാത്ത ക്രൈസ്തവർ ബി.ജെ.പി നേതാക്കളുടെ മുഖംകാണിക്കൽ തന്ത്രത്തിൽ വീഴില്ല. റബർ ഉൾെപ്പടെ വിഷയങ്ങളിൽ ക്രിയാത്മക സമീപനം കേന്ദ്രത്തിനില്ലെന്നും സംഘടനകൾ കുറ്റപ്പെടുത്തുന്നു.
‘ക്രിസ്ത്യൻ ഔട്ട്റീച്’ എന്ന പേരിൽ മതമേലധ്യക്ഷർ, ഇടവകകളിലെ വൈദികർ, ട്രസ്റ്റികൾ തുടങ്ങിയവരെ സന്ദർശിക്കാനും സഭ നേതൃത്വവുമായും വിശ്വാസികളുമായും സൗഹൃദം സ്ഥാപിക്കാനും പാർട്ടി ദേശീയനേതൃത്വം നിർദേശിച്ചതനുസരിച്ചാണ് പ്രമുഖ നേതാക്കൾ അടക്കം ഈമാസം 31 വരെ ക്രൈസ്തവരെ കാണുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടും മണിപ്പൂർ സംഘർഷത്തെ തുടർന്നുണ്ടായ മുറിവുണക്കൽ ലക്ഷ്യംവെച്ചുമാണിത്. സന്ദർശന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടണമെന്നും നിർദേശമുണ്ട്. ബൂത്ത്തലത്തിൽ ക്രൈസ്തവ വീടുകളിലെത്തി ക്രിസ്മസ് -പുതുവത്സര ആശംസ നേരണമെന്നും ആശംസാകാർഡുകൾ അച്ചടിച്ച് വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്. ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടക്കുന്ന കേരളത്തിലെ ബി.ജെ.പിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടന്നപ്പോള്‍ ഓടിയൊളിക്കുകയായിരുന്നുവെന്ന കുറ്റപ്പെടുത്തലും കത്തോലിക്കസഭയിൽ ഒരുവിഭാഗം നടത്തുന്നു. മണിപ്പൂരിലും രാജ്യവ്യാപകമായും ക്രൈസ്തവര്‍ക്കെതിരെ സംഘ്പരിവാർ ആക്രമണം തുടരുന്നതിനിടെ ഇവിടെ മാത്രം പ്രത്യേകമായി ന്യൂനപക്ഷപ്രേമം വിളമ്പലാണ് ‘ക്രിസ്ത്യൻ ഔട്ട്റീച്’ എന്ന വിമർശനവും ബി.ജെ.പി നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.