കൊച്ചി: ക്രൈസ്തവ വോട്ടുകളിൽ കടന്നുകയറാൻ പാർട്ടികളും മുന്നണികളും എടുത്തു പ്രയോഗിച്ച അടവുകളെല്ലാം മണിപ്പൂരിൽ തളംകെട്ടി. മണിപ്പൂർ കലാപത്തിന്റെ അലകൾ രാജ്യത്താകെ ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കുന്ന വിഷയമായി മാറിക്കഴിഞ്ഞെന്ന് മുമ്പെങ്ങുമില്ലാത്ത രാഷ്ട്രീയം തുറന്നുപറഞ്ഞ് കത്തോലിക്ക സഭയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവർ നേരിടുന്ന പീഡനത്തിന് കൈയും കണക്കുമില്ലെന്നും മണിപ്പൂരിൽ മാത്രമല്ല ഛത്തിസ്ഗഢിലും യു.പിയിലും അസമിലുംവരെ ക്രൈസ്തവർ ഭീതിയിലാണെന്നുമുള്ള അവബോധം വളർത്തിയാണ് സംഘ് മനോഭാവത്തിലേക്ക് വഴുതുന്ന ചിന്തകളിൽനിന്ന് വിശ്വാസികളെ കത്തോലിക്കസഭ പിന്തിരിപ്പിച്ച് നിർത്തിയിട്ടുള്ളത്. കത്തോലിക്ക സഭയും ബി.ജെ.പിയും തമ്മിൽ രൂപപ്പെട്ടുവന്ന അടുപ്പം തകർന്നതാണ് മണിപ്പൂരിന്റെ അനന്തരഫലം.
സംഘ് പരിവാർ അനുകൂല കാസ അടക്കം തീവ്ര ക്രൈസ്തവ സംഘടനകളും ഗ്രൂപ്പുകളും കിണഞ്ഞുപരിശ്രമിച്ചിട്ടും മണിപ്പൂരിനുശേഷം ക്രൈസ്തവരെ ബി.ജെ.പിയോട് ചേർത്തുനിർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ, മണിപ്പൂർ ക്രൂരത ചൂണ്ടി ഫലം കൊയ്യാൻ കോപ്പുകൂട്ടിയ എൽ.ഡി.എഫും യു.ഡി.എഫും ക്രൈസ്തവ വോട്ടുകളിൽനിന്ന് കണ്ണെടുത്തിട്ടില്ല. ക്രൈസ്തവ സഭകൾ മുന്നോട്ടുവെച്ച വിഷയങ്ങളിൽ തൃപ്തികരമല്ലാത്ത സംസ്ഥാന സർക്കാർ നിലപാട് എൽ.ഡി.എഫിനും തിരിച്ചടിയാണ്. ഇതോടെ അത്രക്ക് വിയർപ്പൊഴുക്കാത്ത യു.ഡി.എഫിന് കൈനനയാതെ മീൻ പിടിക്കുന്നതിനുള്ള അവസരമൊരുങ്ങുമെന്നാണ് വിലയിരുത്തൽ. മുസ്ലിം വിരോധം മുഴപ്പിച്ച് വോട്ടിൽ വിള്ളൽ വീഴ്ത്താൻ ചില തീവ്രചിന്താഗതിക്കാർ വിശ്വാസികൾക്കിടയിൽ പ്രവർത്തിച്ചതിന് തടയിട്ടാണ് മണിപ്പൂർ വികാരം വോട്ടാകണമെന്ന നിലപാടിൽ സഭാനേതൃത്വം എത്തിയത്. അതേസമയം തൃശൂരും തിരുവനന്തപുരത്തും വ്യത്യസ്ത കാരണങ്ങളാൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് കുറഞ്ഞ തോതിലെങ്കിലും വോട്ട് വീഴുമെന്ന പ്രതീക്ഷ സംഘ്പരിവാർ പുലർത്തുന്നുണ്ട്. ലൂർദ് കത്തീഡ്രൽ പള്ളിയിൽ മാതാവിന് സുരേഷ് ഗോപി കിരീടം സമ്മാനിച്ചതും രാജീവ് ചന്ദ്രശേഖർ തീരദേശത്തെ ലത്തീൻ വിഭാഗക്കാർക്ക് സഹായകരമായ നിലപാടിലായതുമാണ് പ്രതീക്ഷാ ഘടകങ്ങൾ. അതേസമയം, പ്രാദേശികതക്കപ്പുറം ലത്തീൻ സഭയുടെ ‘സമദൂരം’ പൊതുവിൽ ബി.ജെ.പിക്ക് അനുകൂലമല്ല.
ഭരണഘടന സ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ചയുയർത്തിയും സഭ ബി.ജെ.പി വിരുദ്ധ കാമ്പയിൻ പരോക്ഷമായി നടത്തിയിരുന്നു. മതരാഷ്ട്ര സ്ഥാപനം അധോഗതിയാണ് കൊണ്ടുവരുകയെന്ന പ്രചാരണവും ബി.ജെ.പിയെ ഉന്നമിട്ടായിരുന്നു. റബറിന് മതിയായ താങ്ങുവിലയില്ലെന്ന വിഷയവും കേന്ദ്ര സർക്കാറിനെതിരെയുണ്ട്. ക്രൈസ്തവരുടെ സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ടിൽ തീരുമാനമാകാത്തതിലും വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിലെ വീഴ്ചയും സംസ്ഥാന സർക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്നു.
വിഴിഞ്ഞം തുറമുഖം, തീരദേശ ഹൈവേ വിഷയങ്ങളാണ് സർക്കാറിനെതിരായ ലത്തീൻ സഭയുടെ മുറുമുറുപ്പ്. സഭ തർക്കത്തിന് പരിഹാരമായി സർക്കാർ മുന്നോട്ടുവെച്ച ചർച്ച് ബിൽ പാസാക്കുന്നതിലെ കാലതാമസത്തിൽ യാക്കോബായ സഭ അതൃപ്തിയിലാണ്. ഈ ബിൽ നടപ്പാക്കുന്നതിനുള്ള തീരുമാനമാണ് സർക്കാറിനെതിരെ ഓർത്തഡോക്സ് സഭയുടെ അമർഷം. യാക്കോബായ, ഓർത്തഡോക്സ് സഭയുടെ വോട്ടുകൾ എൽ.ഡി.എഫിന് നഷ്ടപ്പെടുത്തുന്നതും ഈ വിഷയമാണ്. എൽ.ഡി.എഫിനോടുള്ള ഇഷ്ടക്കേടിൽ യാക്കോബായ സഭ വോട്ടുകൾ ട്വന്റി20 സ്ഥാനാർഥികൾക്കടക്കം പോകാനാണ് സാധ്യത. എൽ.ഡി.എഫിന് കിട്ടേണ്ടിയിരുന്ന വോട്ടുകളാണിത് ഏറെയും. അതേസമയം യാക്കോബായ വോട്ടുകൾ ഏറ്റവും കൂടുതലുള്ള ചാലക്കുടി മണ്ഡലത്തിൽ സഭയിൽനിന്നുള്ള വ്യക്തിയാണ് യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ. ഓർത്തഡോക്സ് സഭ വിശ്വാസികളുടെ വോട്ട് പങ്ക് കൂടുതൽ യു.ഡി.എഫ് പക്ഷത്തേക്കാകുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. ചാലക്കുടിയിലെ ഇടതു സ്ഥാനാർഥി സി. രവീന്ദ്രനാഥ് കത്തോലിക്ക സഭക്ക് സ്വീകാര്യൻ എന്ന നിലയിൽ വോട്ട് ഷെയർ അദ്ദേഹത്തിനും ലഭിക്കാൻ ഇടയുണ്ട്.
പരിഹാരമില്ലാതെ തുടരുന്ന മലയോര മേഖലയിലെ ഭൂപ്രശ്നങ്ങൾ സഭകൾക്കാകമാനവും സംസ്ഥാന സർക്കാറിനോടുള്ള വിരോധം വർധിപ്പിക്കുന്ന ഘടകമാണ്. മാർത്തോമ സഭയും സി.എസ്.ഐ സഭയും തെരഞ്ഞെടുപ്പിൽ പരസ്യനിലപാടിലല്ലെങ്കിലും സംഘ്പരിവാർ അനുകൂലസാധ്യത തള്ളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.