കൊച്ചി: കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2016-17 വര്‍ഷത്തെ ലാഭവിഹിതമായ 31 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി. സിയാലിന്‍റെ ഡയറക്ടര്‍ കൂടിയായ മന്ത്രി മാത്യു ടി.തോമസ് ലാഭവിഹിതത്തിന്‍റെ ഡിമാന്‍റ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
2016--17 സാമ്പത്തിക വര്‍ഷത്തില്‍ സിയാലും ഉപകമ്പനിയായ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ആന്‍റ് റീട്ടെയ്ല്‍ സര്‍വീസസ് ലിമിറ്റഡും ചേര്‍ന്ന് 669.09 കോടി രൂപ മൊത്തവരുമാനം നേടി. 179.45 കോടി രൂപയാണ് സിയാലിന്‍റെ (നികുതി കിഴിച്ചുള്ള) ലാഭം. 2003-04 മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. സംസ്ഥാന സര്‍ക്കാരിന് സിയാലില്‍ 32.42% ഓഹരിയുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25% ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഇതോടെ മൊത്തം മുടക്കുമുതലിന്‍റെ 203% ലാഭവിഹിതം നിക്ഷേപകര്‍ക്ക് സിയാല്‍ നല്‍കിക്കഴിഞ്ഞു. നിലവില്‍ ലാഭവിഹിതമായി മാത്രം 193.53 കോടി രൂപ സര്‍ക്കാരിന് സിയാല്‍ മടക്കിനല്‍കി. 30 രാജ്യങ്ങളില്‍ നിന്നായി 18,300 നിക്ഷേപകരാണ് കമ്പനിയ്ക്കുള്ളത്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 89.4 ലക്ഷമാണ്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 15.06 ശതമാനവും ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തില്‍ 25.99 ശതമാനവുമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങാനായി. ദേശീയ പാതയില്‍ നിന്നുള്ള 4.3 കി.മി റോഡ് നാലുവരിയായി വികസിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി മാറിയ സിയാലിന്‍റെ മൊത്തം സൗരോര്‍ജ സ്ഥാപിതശേഷി 23.2 മെഗാവാട്ടായി വര്‍ധിപ്പിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തോടെ ഇത് 40 മെഗാവാട്ടായി ഉയരും.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സിയാല്‍ ഡയറക്ടര്‍മാര്‍ കൂടിയായ മന്ത്രി വി.എസ്.സുനില്‍ കുമാര്‍, മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍, ജനറല്‍ മാനേജര്‍ ജോസ് കെ.തോമസ്, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.