ഗ്യാസ് ഏജൻസി ഉടമക്ക് സി.ഐ.ടി.യു ഭീഷണി: റിപ്പോ‍ർട്ട് തേടി മന്ത്രി

കൊച്ചി: വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമക്കെതിരെ സി.ഐ.ടി.യു നേതാക്കൾ ഭീഷണി മുഴക്കിയ സംഭവത്തിൽ ജില്ല വ്യവസായ കേന്ദ്രത്തോട്, വ്യവസായ മന്ത്രി പി. രാജീവ് റിപ്പോർട്ട് തേടി. സംഭവത്തില്‍ പട്ടികജാതി-പട്ടികവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് കമീഷൻ നിർദേശം നല്‍കി. ഗ്യാസ് ഏജൻസിയിൽ നാലാം ദിവസവും സമരം തുടർന്നു. പാചകവാതക വിതരണം വെള്ളിയാഴ്ചയും മുടങ്ങി. ഗ്യാസ് ഏജൻസി ഉടമ ഉമ സുധീറിന്‍റെ മൊഴിയെടുത്ത പൊലീസ് ഇവരുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തു. വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ ഉണ്ടായ സംഭവം സി.പി.എമ്മിനും സി.ഐ.ടി.യുവിനും എതിരെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സി.ഐ.ടി.യുവിന്‍റെ പാചകവാതക വിതരണ തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ അടക്കം ഏഴുപേർക്കെതിരെയാണ് പരാതി. തങ്ങളുടെ സർക്കാറാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും സി.ഐ.ടി.യുക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ഉമ സുധീർ പറയുന്നത്.

താൽക്കാലിക ജീവനക്കാരായ നാലുപേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള തർക്കമാണ് ഭീഷണിയിലേക്കും അസഭ്യവർഷത്തിലേക്കും നയിച്ചത്. സംഭവത്തിൽ ഉമ നൽകിയ പരാതിയിൽ മുനമ്പം പൊലീസ് കേസെടുത്തെങ്കിലും കാര്യമായ തുടർനടപടിയുണ്ടായില്ല. തൊട്ടടുത്ത ഗ്യാസ് ഏജൻസിയിലെ അധികജോലി തീർക്കാൻ തങ്ങൾക്ക് നി‍‍ർദേശം ലഭിച്ചെന്നും ഇതിനായി നാല് താൽക്കാലിക തൊഴിലാളികളെ എടുത്തെന്നും ഉമ പറയുന്നു.

ജോലി തീർന്നപ്പോൾ അവരെ ഒഴിവാക്കി. സ്ഥിരപ്പെടുത്തണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. 10 സ്ഥിരം തൊഴിലാളികൾ തങ്ങൾക്കുണ്ട്. അവ‍ർക്കുള്ള ജോലിയേ സ്ഥാപനത്തിൽ ഉള്ളൂവെന്നും ഉമ പറയുന്നു. എന്നാൽ, സർക്കാർ പറയുന്ന സേവന വേതന വ്യവസ്ഥകൾ പാലിക്കാൻ ഗ്യാസ് ഏജൻസി തയാറാകുന്നില്ലെന്നാണ് സി.ഐ.ടിയു നേതാക്കളുടെ ആരോപണം. ഉടമ ചർച്ചക്ക് തയാറാകുന്നില്ല. സി.ഐ.ടി.യു അംഗത്വം ഉപേക്ഷിച്ചാൽ ജോലി നൽകാമെന്നാണ് ഏജൻസി ഉടമ പറയുന്നത്. അത് അംഗീകരിക്കാനാകില്ല. ആരെയും മർദിച്ചിട്ടില്ലെന്നും സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു.

Tags:    
News Summary - CITU threatens gas agency owner: Minister seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.