കോഴിക്കോട്: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ കൗൺസിൽ അംഗവുമായ സി.കെ പത്മനാഭൻ. മീഡയവൺ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ ‘ദേശീയപാത’യിൽ എഡിറ്റർ പ്രമോദ് രാമനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് പകരം അധികാര രാഷ്ട്രീയം പാർട്ടിയിൽ വളർന്നുവന്നിരിക്കയാണെന്ന് പത്മനാഭൻ പറഞ്ഞു. ഞങ്ങൾ ആദ്യം കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചു. അത് യാഥാർത്ഥ്യമായി വരുന്നു. ഇപ്പോൾ, വന്ന് വന്ന് കോൺഗ്രസ് മുക്ത ബി.ജെ.പി എന്ന ഒരു കാര്യത്തിനുവേണ്ടി പോരാടേണ്ടി വരുമോ എന്ന ആശങ്ക എന്നെപ്പോലുള്ളവർക്കുണ്ടെന്നും പത്മനാഭൻ പറഞ്ഞു.
പത്മനാഭെൻറ വാക്കുകളിങ്ങനെ: ‘ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മത്സരിക്കുന്ന കാലമാണിത്. പഴയകാലത്ത് ആത്മാർത്ഥതയുള്ള പ്രവർത്തകരുണ്ടായിരുന്നു. ആദർശത്തിെൻറ സ്ഥാനത്ത് അധികാരത്തെ പൂജിക്കാൻ തുടങ്ങി. ഇപ്പോൾ അധികാരം ആേഘാഷമായി മാറി. ബി.ജെ.പിയിൽ മുൻപ് അഞ്ച് കടമകൾ എന്നൊന്നുണ്ടായിരുന്നു. ദേശീയത്വം, മതേതരത്വം, ഭാവാത്മ മതേതരത്വം, ഗാന്ധിയൻ സോഷ്യലിസം, മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നിവയാണവ. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതിന് പകരം ഇപ്പോൾ അധികാര രാഷ്ട്രീയം എന്ന് വന്നിരിക്കുന്നു. അതാണ് പ്രശ്നം. ഈ പഞ്ച കടമകളിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്ന ഒന്ന് ഇന്നില്ല.
അത്, പാടെ അധികാര രാഷ്ട്രീയത്തിന് വഴിമാറി. ആ മാറ്റത്തിെൻറ അനുരണനങ്ങൾ ബാക്കി പ്രവർത്തനങ്ങളിലെല്ലാം പ്രകടമാണ്. ഇത് കാലത്തിൽ വരുന്ന മാറ്റമാണ്. നേതാക്കളൊക്കെ ആ മാറ്റത്തിൽ ഒഴുകി പോവുകയാണ്. ഇത്, മറികടക്കാനുള്ള ശേഷി നേതൃത്വത്തിനില്ല. ഭരണ തുടർച്ച ആകർഷണം നൽകും. അപ്പോൾ അങ്ങനെയുള്ള ആളുകൾ കൂടെ വരും. അവരെ സ്വീകരിക്കുകയും വേണം. ഞങ്ങൾ ആദ്യം കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചു. അത് യാഥാർത്ഥ്യമായി വരുന്നു. ഇപ്പോൾ, വന്ന് വന്ന് കോൺഗ്രസ് മുക്ത ബി.ജെ.പി എന്ന ഒരു കാര്യത്തിനുവേണ്ടി പോരാടേണ്ടി വരുമോ എന്ന ആശങ്ക എന്നെപ്പോലുള്ളവർക്കുണ്ട്. അത്, അടിസ്ഥാനപരമായ പ്രശ്നമാണ്. ചെറിയ വിഷയമല്ല...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.