തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ഓഫിസർമാരും ചെയർമാനുമായി നടക്കുന്ന പോര് പരിഹരിക്കാൻ സർക്കാർ തല നീക്കമാരംഭിച്ചു. ഏപ്രിൽ 12ന് തലസ്ഥാനത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ച നടത്തും. പോര് സർക്കാറിന് നാണക്കേടായ സാഹചര്യത്തിലാണ് ഇത്. ചെയർമാൻ ബി. അശോകും ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളും ചർച്ചക്ക് സന്നദ്ധമാണെന്ന് അറിയിച്ചു.
സി.പി.എം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും തലസ്ഥാനത്ത് എത്തും. പ്രശ്നങ്ങളുടെ വിശദാംശങ്ങൾ ഇതിനകം തന്നെ അദ്ദേഹം ആരാഞ്ഞിട്ടുണ്ട്.
ഇടത് സർക്കാർ ഭരിക്കുമ്പോൾ ഇടത് സംഘടനയിലെ മൂന്ന് നേതാക്കൾ സസ്പെൻഷനിലായത് സംഘടനയെ ഞെട്ടിച്ചു. അനധികൃത അവധിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ നേതാവും എക്സിക്യൂട്ടിവ് എൻജിനീയറുമായ ജാസ്മിൻ ബാനുവിനാണ് ആദ്യം സസ്പെൻഷൻ ലഭിച്ചത്. ഈ വിഷയത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരാണ് ഇപ്പോൾ സസ്പെൻഷൻ ലഭിച്ച സുരേഷ്കുമാറും ഹരികുമാറും. കൂടുതൽ പേർക്കെതിരെ നടപടി വന്നേക്കും.
ചെയർമാനെതിരെ ഓഫിസർമാർ വെള്ളിയാഴ്ചയും കരിദിനം ആചരിച്ച് സസ്പെന്‍ഷൻ ഉത്തരവുകൾ കത്തിച്ചു. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. 19ന് 1500 ലേറെ ജീവനക്കാർ പങ്കെടുക്കുന്ന പ്രതിഷേധ സംഗമവും നടത്തും.
പരിഹാരമുണ്ടായില്ലെങ്കിൽ നിസ്സഹകരണ സമരത്തിലേക്ക് പോകുമെന്നും ചട്ടപ്പടി ജോലിയിലേക്ക് മാറേണ്ടി വരുമെന്നും നേതാക്കൾ അറിയിച്ചു. വ്യാഴാഴ്ച ബോർഡിലെ ചില ഇടപാടുകൾക്കെതിരെ നേതാക്കൾ ആരോപണം ഉന്നയിച്ചതിന് പിന്നാെലയാണ് ഹരികുമാറിന് സസ്പെൻഷൻ.
സി.ഐ.ടി.യു നേതാവ് എളമരം കരീം, മുൻമന്ത്രി എം.എം. മണി എന്നിവർ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ബോർഡ് ആസ്ഥാനത്തെ യോഗത്തിലേക്ക് തള്ളിക്കയറിയ മുഴുവൻ പേരെയും പിരിച്ചുവിടുമെന്ന തരത്തിൽ വാർത്ത വെന്നങ്കിലും അത് കെ.എസ്.ഇ.ബി ചെയർമാൻ തള്ളി. ഇത് വസ്തുതാവിരുദ്ധമാണെന്നും സമരത്തിന്‍റെ മറവിൽ അക്രമം നടത്തുകയോ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനിച്ചതെന്നും പ്രതിഷേധിച്ചവർക്കെതിരെ നടപടി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: മിനിമം അച്ചടക്കമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും എല്ലാവരും അത് മാനിക്കണമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോക്. കമ്പനി നിയമനത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ബോർഡിലില്ല. അടിസ്ഥാനരഹിത ആരോപണങ്ങളാണ് യൂനിയൻ നേതാക്കൾ ഉന്നയിക്കുന്നത്. തിരുത്തലിന് തയാറായാൽ പ്രശ്നങ്ങളില്ല. ചെയ്യുന്നത് ശരിയായിരിക്കുമ്പോൾ അതിന് പൂർണ പിന്തുണ മന്ത്രിസഭ തന്നിട്ടുണ്ട്. അനുമതിയില്ലാതെ, രേഖയില്ലാതെ ലീവ് അനുവദിക്കാൻ കഴിയില്ല. അതിന്‍റ പേരിലാണ് ആദ്യ സസ്പെൻഷൻ. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആക്ഷേപം സമ്മർദതന്ത്രമാണ്. കമ്പനിയുടെ നേട്ടങ്ങൾക്ക് തിരിച്ചടിയാകുന്ന നിലയിലേക്ക് സമരങ്ങൾ മാറരുത്. അനർഹമായ ഒരു അധികാരവും താൻ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: അടിയന്തരാവസ്ഥയല്ലെന്നും സ്വേച്ഛാധിപത്യമല്ലെന്നും മുൻ വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി ബോർഡിലെ വിഷയങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സസ്പെൻഷൻ നപടി തെറ്റാണ്. ജീവനക്കാരെ പാഠം പഠിപ്പിക്കാൻ നോക്കിയ വൈദ്യുതി ബോർഡിലെ ഭരണാധികാരികൾ മുമ്പ് പരാജയപ്പെട്ട അനുഭവമുണ്ടെന്നും എം.എം. മണി പറഞ്ഞു.
തിരുവനന്തപുരം: തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ വസ്തുകളുടെ അടിസ്ഥാനത്തിലാണെന്നു കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ നേതാവ് എം.ജി. സുരേഷ്കുമാർ. ഞങ്ങളുടെ ചെറിയ സമരത്തെപോലും തകർക്കാനാണ് ചെയർമാൻ ശ്രമിച്ചത്. ജാസ്മിൻ ബാനുവിന്‍റെ വിഷയത്തിൽ അസോസിയേഷൻ പ്രസിഡന്‍റും സെക്രട്ടറിയും മാർച്ച് 30ന് ചെയർമാനെ കാണാൻ പോയെങ്കിലും സംസാരിക്കാൻ തയാറായില്ല. തൊഴിലന്തരീക്ഷം മോശമായതിൽ ബോർഡ് മാനേജ്മെന്‍റിന് വലിയ പങ്കുണ്ട്. ചർച്ചക്ക് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ബോർഡ് മാനേജ്മെന്‍റ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.