പത്തനംതിട്ട: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ടയിലെ ബി.ജെ.പിയിൽ കലാപം. ആറന്മുള സീറ്റ് ഉറപ്പിച്ചിരുന്ന ജില്ല പ്രസിഡൻറ് അശോകൻ കുളനടയെ അവസാന നിമിഷം തിരുവല്ലയിലേക്ക് മാറ്റിയതാണ് പൊട്ടിത്തെറിയിൽ കലാശിച്ചിരിക്കുന്നത്.
തിരുവല്ലയിലേക്ക് നേരേത്ത തീരുമാനിച്ചിരുന്നത് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണിയെയാണ്. അനൂപ് ആൻറണിക്കു വേണ്ടി ഇവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ആറന്മുളയിൽ ബിജു മാത്യു സ്ഥാനാർഥിയായി എത്തിയതാണ് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്.
ഇദ്ദേഹത്തിന് ഓർത്തഡോക്സ് സഭയുടെ പിന്തുണ ഉണ്ടെന്നാണ് പറയുന്നത്. ആറന്മുള സീറ്റ് കിട്ടാത്ത സാഹചര്യത്തിൽ പ്രതിഷേധമുയർത്തിയ ജില്ല പ്രസിഡൻറിനെ തണുപ്പിക്കാൻ തിരുവല്ല നൽകുകയായിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ തിരുവല്ലയിൽ പ്രവർത്തക യോഗത്തിനെത്തിയ എത്തിയ അശോകൻ കുളനടയെ മഹിള മോർച്ച പ്രവർത്തകർ തടഞ്ഞുവെച്ചു.
യോഗം നടത്താൻ പ്രവർത്തകർ അനുവദിച്ചില്ല. ഇതിനു പിന്നാലെ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തിലെയും നഗരസഭയിലെയും പ്രസിഡൻറുമാർ രാജിക്കത്ത് നൽകുകയും ചെയ്തു. തീരുമാനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ പിന്നീട് നഗരത്തിൽ പ്രകടനവും നടത്തി. സംസ്ഥാന പ്രസിഡൻറ് കോന്നിയിൽ മത്സരിക്കാൻ എത്തുന്ന സാഹചര്യത്തിൽ ജില്ലയിലെ പാർട്ടിയിൽ ഉണ്ടായ കലാപം നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.