പാലക്കാട്: മാലിന്യസംസ്കരണ വിഷയത്തിൽ എട്ടു കോടി രൂപ ചെലവ് പ്രതീക്ഷിച്ച് തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ‘വൃത്തി 2025- ദി ക്ലീൻ കോൺക്ലേവ്’ സംഘാടനത്തിന് തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകാൻ ഉത്തരവ്. കോർപറേഷനുകളും ജില്ല പഞ്ചായത്തുകളും അഞ്ചു ലക്ഷം വീതവും േബ്ലാക്ക് പഞ്ചായത്തുകളും നഗരസഭകളും രണ്ടു ലക്ഷവും പഞ്ചായത്തുകൾ 25,000 രൂപ വീതവും ഉടൻ ശുചിത്വ മിഷന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ഉത്തരവ്.
തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽനിന്നോ 15ാം ധനകമീഷൻ ഗ്രാൻഡിൽനിന്നോ ഫണ്ട് വകയിരുത്തണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. മാത്രമല്ല, യാത്രാച്ചെലവുകളും സ്റ്റാളുകൾക്കുള്ള ചെലവുകളും തദ്ദേശസ്ഥാപനങ്ങൾ വഹിക്കണമെന്ന് സ്പെഷൽ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. ഈ നീക്കിവെപ്പ് വരുമാനം കുറവുള്ള തദ്ദേശസ്ഥാപനങ്ങളെ കൂടുതലായി ബാധിക്കും. മാത്രമല്ല, തുക നീക്കിവെക്കുമ്പോൾ പദ്ധതിരേഖകളിൽ മാറ്റംവരുത്തി അയക്കേണ്ടതിന്റെ ഉത്തരവാദിത്തവും തദ്ദേശസ്ഥാപനങ്ങൾക്കാകും.
ഏപ്രിൽ ഒമ്പതു മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസും പരിസരവും വേദിയായാണ് മാലിന്യസംസ്കരണ രംഗത്തെ നേട്ടങ്ങൾ പ്രചരിപ്പിക്കാനായുള്ള കോൺക്ലേവ്. വൃത്തി കോൺക്ലേവ് ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ആഗോള സംഗമവേദിയാകുമെന്നാണ് തദ്ദേശവകുപ്പ് പ്രതീക്ഷ. എക്സിബിറ്റർമാർ, ടെക്നോളജി പ്രൊവൈഡേഴ്സ്, സംരംഭകർ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ, അക്കാദമിക ഗവേഷണ മേഖലയിലുള്ളവർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരെ ഭാഗമാക്കിയുള്ള പ്രവർത്തനങ്ങളിലാണ് തദ്ദേശവകുപ്പ്.
മാലിന്യസംസ്കരണ രംഗത്തെ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ ഗുണകരമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.