തിരുവനന്തപുരം: കേരളത്തിന്റെ മത്സ്യസമ്പത്തിനെയും മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക രൂക്ഷമാകുന്നതിനിടെ തീരക്കടൽ കപ്പൽ ഗതാഗതത്തിന് ഗുജറാത്തുമായി കൈകോർക്കാൻ കേരളം. ഇതിനെതിരെ രൂക്ഷവിമർശനവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ രംഗത്തെത്തി. കേരളം മാരിടൈം ബോർഡ് (കെ.എം.ബി) ചെയർമാൻ എൻ.എസ്. പിള്ള അടുത്തിടെ ഗുജറാത്ത് സന്ദർശിച്ചിരുന്നു.
അതിനിടെയാണ് തീരദേശ ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഗുജറാത്ത് മാരിടൈം ബോർഡുമായി (ജി.എം.ബി) ചർച്ച നടത്തിയത്. കേരളത്തിന് 590 കി.മീ. നീളത്തിലുള്ള തീരദേശമുണ്ട്. സംസ്ഥാനത്തെ പ്രധാന ചെറുകിട(മൈനർ) തുറമുഖങ്ങളായ കൊല്ലം, ബേപ്പൂർ, അഴീക്കൽ, പൊന്നാനി എന്നിവിടങ്ങളിൽ തുറമുഖ വകുപ്പിന്റെ പിന്തുണയോടെ മാരിടൈം ബോർഡ് പശ്ചാത്തല വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
ഗുജറാത്ത് മുന്ദ്ര-കൊച്ചി സെക്ടറിൽ ഇതിനകം കപ്പലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഷിപ്പിങ് മേഖലയിലെ മെയിൻ ലൈൻ ഓപറേറ്റർമാരുടെ പിന്തുണയോടെ കൊച്ചിയിൽ റോഡ്ഷോ സംഘടിപ്പിക്കുമെന്നും ബോർഡ് പറയുന്നു. എന്നാൽ, കേന്ദ്ര സർക്കാറിന്റെ കടൽ വിൽപനയെ പ്രത്യക്ഷമായി എതിർക്കുമ്പോഴും വിനാശകരമായ കേന്ദ്ര പദ്ധതികളെ മാടി വിളിക്കുന്നത് തീരദേശ ജനതയോടുള്ള സംസ്ഥാനസർക്കാറിന്റെ രാഷ്ട്രീയ നയവഞ്ചനയാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ പ്രതികരിച്ചു.
ബ്ലൂ ഇക്കണോമിയുടെ ഭാഗമാണ് സാഗർമാല പദ്ധതിയെന്നും തീരദേശ കപ്പൽഗതാഗതം സൃഷ്ടിക്കാൻ പോകുന്ന ആഘാതം പ്രവചനാതീതമാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഗുജറാത്ത് മാരിടൈം യൂനിവേഴ്സിറ്റിയുമായി ചേർന്ന് കൊടുങ്ങല്ലൂരിലെയും നീണ്ടകരയിലെയും മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഓഫ്-കാമ്പസ് കോഴ്സുകൾ ആരംഭിക്കാനും ചർച്ചകൾ നടന്നു. സംസ്ഥാന സർക്കാറിന്റെ അനുമതി ലഭിച്ചാലുടൻ മുന്നോട്ടുപോകാനും കെ.എം.ബി ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.