കൊടുങ്ങല്ലുർ: കയർപിരി തൊഴിലിന് പഴയകാല മുഷിപ്പില്ല. ചളിയും ചേറും നിറഞ്ഞ പശ്ചാത്തലവുമില്ല. ദുർഗന്ധവും ശ്വസിക്കേണ്ടതില്ല. യന്ത്രവത്കൃത യൂനിറ്റുകളിലേക്കുള്ള മാറ്റം തൊഴിലിടങ്ങളെ വളരെ മെച്ചപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചളിനിറഞ്ഞ തോട്ടിലും മറ്റും ഇട്ട് പാകപ്പെടുത്തുന്ന തൊണ്ട് തല്ലി ചകിരിയാക്കി ഒടുവിൽ റാട്ടിൽ കയറാക്കുകയായിരുന്നു. ഇതിനായി അർധപട്ടിണിക്കാരായ തൊഴിലാളികൾ പുലർച്ച മുതൽ കയർപിരി കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങും. പകലന്തിയോളമാണ് പണി. കിട്ടുന്നതുകൊണ്ട് കുടുംബത്തിന്റെ വിശപ്പ് മാറ്റുകയാണ് ലക്ഷ്യം.
ഇപ്പോൾ അതെല്ലാം മാറി. പച്ചത്തൊണ്ട് യന്ത്രത്തിലോട്ട് ഇട്ടാൽ ക്രമേണ കയറായി വരും. കഴിഞ്ഞ ഇടതുപക്ഷ സർക്കാറിന്റെ കാലത്താണ് കയർപിരിയിൽ യന്ത്രവത്കരണം നടപ്പാക്കിയത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പരമ്പരാഗത തൊഴിൽ മേഖല കൈയൊഴിയുന്നവരുടെ എണ്ണം ഏറെയാണ്. മതിയായ കൂലിയില്ലാത്തതും ജോലി സ്ഥിരതയില്ലായ്മയും വിട്ടുപോക്കിന് കാരണങ്ങളാണ്. ജീവിതപ്രയാസം അനുഭവിക്കുന്ന വീടുകളിലെ സ്ത്രീകളാണ് മുഖ്യമായും കയർ തൊഴിലിനെ ആശ്രയിക്കുന്നത്. പുതുതലമുറ തീരെയില്ലെന്ന് പറയാം.
ഒരു കാലത്ത് ആയിരത്തോളം തൊഴിലാളികൾ തൊണ്ട് തല്ലി കയർ പിരിച്ചിരുന്ന കൊടുങ്ങല്ലൂരിലെ ചാപ്പാറ കയർ സഹകരണ സംഘത്തിൽ ഇപ്പോൾ 20 സ്ത്രീകളാണുള്ളത്. തൃശൂർ ജില്ലയിൽ കയർപിരിയുടെ മുഖ്യകേന്ദ്രമായ കൊടുങ്ങല്ലൂരും പരിസരങ്ങളിലും മുമ്പ് അയ്യായിരത്തിലേറെയായിരുന്നു തൊഴിലാളികൾ. ഇപ്പോഴത് ഇരുനൂറോളം മാത്രമാണ്. ജില്ലയിൽ സജീവമായിരുന്ന 32 സംഘങ്ങളുണ്ടായിരുന്നു.
ഇപ്പോൾ പരാധീനതകളോടെ 16 എണ്ണം പിടിച്ചുനിൽക്കുന്നു. തൊഴിലാളികളുടെ ദിവസക്കൂലി 350 രൂപയാണ്. ഇതാകട്ടെ രണ്ട് മൂന്നും മാസം കൂടുമ്പോഴാണ് കിട്ടുന്നതും. കഴിഞ്ഞ ആറ് വർഷത്തിലേറെയായി കൂലിയിൽ മാറ്റമില്ല. കൂലി കൂട്ടണമെന്ന ആവശ്യം ആരും മുഖവിലക്കെടുത്തിട്ടുമില്ല. ഇത്തരം വൈഷമ്യത്തിനിടയിലും കയർ പ്രാഥമികസംഘങ്ങളിൽ കെട്ടിക്കിടക്കുന്നതാണ് ഈ മേഖല നേരിടുന്ന വലിയ പ്രതിസന്ധി. കേന്ദ്രസംഘമായ ആലപ്പുഴയിലെ കയർഫെഡാണ് പ്രാഥമികസംഘങ്ങൾ ഉൽപാദിപ്പിക്കുന്ന കയർ സംഭരിച്ച് പണം നൽകേണ്ടത്. ഇത് യഥാസമയം നടക്കുന്നില്ല. രണ്ട് മാസം മുമ്പ് വരെ കടുത്ത പ്രതിസന്ധിയിലായിരുന്നു പ്രാഥമികസംഘങ്ങൾ. എന്നാൽ, കെട്ടിക്കിടന്ന കയർ, കയർഫെഡ് വാങ്ങുക മാത്രമല്ല പി.എം.ഐ, മാനേജീരിയൽ ഫണ്ടുകളും നൽകി. സർക്കാർ വർക്കിങ് ക്യാപിറ്റലും അനുവദിച്ചു. ഇതുകൊണ്ടെല്ലാം ഓണക്കാലത്ത് തൊഴിലാളികൾ അത്ര വിഷമിക്കേണ്ടിവരില്ല. എന്നാൽ, ഈ ആശ്വാസം താൽക്കാലികമാകുമോയെന്ന കടുത്ത ആശങ്കയുമുണ്ട്.
കേരളത്തിനകത്തും പുറത്തും കയറും ഉൽപന്നങ്ങളും വിറ്റഴിക്കാൻ ആസിയാൻ ഗ്രൂപ്പുമായി ഉണ്ടാക്കിയ ധാരണ പ്രതീക്ഷക്ക് വകനൽകുന്നതാണ്. എങ്കിലും സർക്കാറിന്റെ അകമഴിഞ്ഞ പിന്തുണയും മതിയായ കൂലിയും ഒപ്പം ജോലിസ്ഥിരതയും ഉണ്ടെങ്കിലേ പ്രാഥമികസംഘങ്ങൾക്ക് നല്ലനിലയിൽ മുന്നോട്ട് പോകാനാകൂവെന്ന് ചാപ്പാറ കയർ സഹകരണസംഘം പ്രസിഡന്റും സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.കെ. രാമനാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.