Representational Image

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവ വെടിക്കെട്ടിന് അനുമതിയില്ല

കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21, 22 തിയതികളിൽ നടത്താനിരുന്ന വെടിക്കെട്ടിന് ജില്ല കലക്ടർ അനുമതി നിരസിച്ചു. പൊതുജനസുരക്ഷ കണക്കിലെടുത്തും മുൻകാല അപകടങ്ങളുടെ സാഹചര്യത്തിലും കണയന്നൂർ തഹസിൽദാർ, ജില്ല ഫയർ ഓഫിസർ, കൊച്ചി സിറ്റി പൊലീസ് കമീഷണർ എന്നിവർ റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലുമാണ് തീരുമാനമെന്ന് കലക്ടർ അറിയിച്ചു.

ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറി അപേക്ഷ നൽകിയിരുന്നു. തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ അപേക്ഷയിൽ വിശദമായ അന്വേഷണത്തിന് ശേഷമാണ് അനുമതി നിരസിച്ച് ഉത്തരവിറക്കിയത്.

ക്ഷേത്ര ഗ്രൗണ്ടിന്‍റെ കിഴക്കുവശം റോഡും, റോഡിന്‍റെ കിഴക്ക് വശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉണ്ട്. ഗ്രൗണ്ടിന്‍റെ തെക്കുവശം മാങ്കായിൽ സ്കൂളും ഐ.ടി.ഐയുടെ പുതിയ കെട്ടിടവും ഉണ്ട്. ഗ്രൗണ്ടിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ല. ഗ്രൗണ്ടിനോട് ചേർന്ന് താമസ കെട്ടിടങ്ങളും മറ്റു വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.

പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി വെടിക്കെട്ട് വീക്ഷിക്കുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്കൂൾ പരിസരവുമാണ്. ഇവയ്ക്ക് 50-60 മീറ്റർ അകലമേ കാണുന്നുള്ളൂ. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അപേക്ഷയിൽ ആവശ്യപ്പെട്ട തരത്തിലുള്ള വെടിക്കെട്ട് ഒഴിവാക്കേണ്ടതാണെന്ന തീരുമാനത്തിലെത്തിയതെന്ന് കലക്ടർ വ്യക്തമാക്കി. 

Tags:    
News Summary - collector denies permission for maradu kottaram temple fire works

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.