കോഴിക്കോട് : അട്ടപ്പാടി വരംഗംപാടി ഊരിലെ രാമകൃഷ്ണന്റെ കുടുംബത്തിന് അന്യാധീനപ്പെട്ട 10 ഏക്കറിൽ അഞ്ച് ഏക്കർ ഭൂമി തിരിച്ച് നൽകണമെന്ന് കലക്ടർ ഡോ.എസ്. ചിത്ര. ആദിവാസിയായ രാമകൃഷ്ണന്റെ കുടുംബത്തിന് അന്യാധീനപ്പെട്ട 4.45 ഹെക്ടർ ഭൂമിയിൽ നിന്നും രണ്ട് ഹെക്ടർ ഭൂമി നിലവിലെ കൈവശക്കാർക്ക് കൈവശം വെക്കുവാൻ അനുമതി നൽകി. ബാക്കി ഭൂമി പുനഃസ്ഥാപിച്ച് നൽകുവാൻ നിലവിലെ കൈവശക്കാരോട് നിർദേശിച്ച ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് കലക്ടർ ശരിവെച്ചു. ഭൂമി നിലവിൽ കൈവശം വെച്ചിരിക്കുന്ന ഭാനുമതി ദേവി, പി.സി. പ്രവീൺ, പി.സി. പ്രമോദ് എന്നിവരുടെ അപ്പീൽ അപേക്ഷ നിരസിച്ചാണ് ഉത്തരവ്.
ഷോളയൂർ വില്ലേജിലെ വയലൂർ, വരഗംപാടി ഊരിലെ രാമകൃഷ്ണൻ 10 ഏക്കർ ഭൂമി അന്യാധിപ്പെട്ടുവെന്നും അത് പുന.സ്ഥാപിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം ആർ.ഡി.ഒക്ക് 1987 ജൂലൈ രണ്ടിനാണ് അപേക്ഷ സമർപ്പിച്ചത്. ഷോളയൂർ വില്ലേജ് ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഷോളയൂർ വില്ലേജ് സർവെ നമ്പരിലെ 1728/ൽ ഉൾപ്പെട്ട 10 ഏക്കർ ഭൂമി അപേക്ഷകന് അന്യാധിപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.
1975 ലെ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും വിട്ടു നൽകുവാൻ എതിർകക്ഷിയായ കെ.വി ബാലകൃഷ്ണൻ കള്ളിയാട്ടിൽ എന്നയാളിനോട് നിർദേശിച്ച് 1995 ൽ റവന്യൂ ഡിവിഷണൽ ഓഫീസർ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് നടപ്പിലായില്ല. ഇതിനിടയിൽ 1975 ലെ നിയമം റദ്ദ് ചെയ്ത് 1999 ലെ നിയമം നിലവിൽ വന്നു. തുടർന്ന് കേസ് വീണ്ടും പുനഃപരിശോധിച്ചു. കെ.വി. ബാലകൃഷ്ണന്റെ കൈവശത്തിലുള്ള ഭൂമിയല്ല തർക്കഭൂമി എന്നും കേസിൽ ഉൾപ്പെട്ട ഭൂമി നിലവിൽ ചന്ദ്രൻ, പ്രവീൺ, ഭാനുമതി ദേവി എന്നിവരുടെ പേരിലാണെന്നും വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി.
ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസർ വിചാരണക്ക് വിളിച്ചു. ചന്ദ്രൻ, പ്രവീൺ, ഭാനുമതി ദേവി എന്നിവരാണ് വിചാരണക്ക് എത്തിയത്. അന്യാധീനപ്പെട്ട 4.45 ഹെക്ടർ ഭൂമിയിൽ രണ്ട് ഹെക്ടർ ഭൂമി നിലനിർത്തി ബാക്കി ഭൂമി പട്ടിക വർഗ വിഭാഗരതിൽ ഉൾപ്പെട്ട രാമകൃഷ്ണന് പുനഃസ്ഥാപിച്ച് നൽകുവാൻ ചന്ദ്രൻ, പ്രവീൺ, ഭാനുമതി ദേവി എന്നിവരോട് നിർദേശിച്ച് ഒറ്റപ്പാലം സബ് കളക്ടർ 2011 ൽ ഉത്തരവായിരുന്നു. ഈ ഉത്തരവിനെതിരെ ഭാനുമതി ദേവി, പി.സി. പ്രവീൺ, പി.സി. പ്രമോദ് എന്നിവർ അപ്പീൽ അപേക്ഷ നൽകി.
തുടർന്ന് ഇരു കക്ഷികൾക്കും നോട്ടീസ് നൽകി. കലക്ടർ വിചാരണ നടത്തി. അപ്പീൽ വാദികൾക്ക് പി.സി. പ്രമോദ് ഹാജരായി. പരാതിക്കാരനായ രാമകൃഷ്ണന്റെ ഭൂമി 1.62 ഹെക്ടർ ആണെന്നും നിയമപ്രകാരം ഈ ഭൂമി തിരിച്ച് നൽകേണ്ടതില്ല. 2.83 ഹെക്ടർ ഭൂമി കൈമാറിയ നഞ്ചൻ പരാതി നൽകിയിട്ടില്ലെന്നും അതിനാൽ ഒറ്റപ്പാലം ആർ.ഡി.ഒ യുടെ ഉത്തരവ് റദ്ദാക്കണമെന്നും പ്രമോദ് മൊഴി നൽകി. ആദിവാസിയായ മരുതന് രാമകൃഷ്ണൻ ഉൾപ്പെടെ നാല് മക്കൾ ആയിരുന്നു. രാമകൃഷണനൊഴികെ ബാക്കിയെല്ലാവരും മരണപ്പെട്ടു. തന്റെ കുടുംബത്തിന് അന്യാധീനപ്പെട്ട ഭൂമി തിരികെ ലഭിക്കണമെന്നാണ് രാമകൃഷ്ണൻ ആവശ്യപ്പെട്ടത്.
പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട രാമകൃഷ്ണൻ 1.62 ഹെക്ടറും നഞ്ചൻ 2.83 ഹെക്ടറും ഉൾപ്പെടെ 4.45 ഹെക്ടർ ഭൂമിയാണ് ആദ്യം കൈമാറിയത്. പിന്നീട് പല കൈമാറ്റങ്ങളിലൂടെ ഭൂമി ചന്ദ്രൻ, പ്രവീൺ, ഭാനുമതി ദേവി എന്നിവരുടെ കൈവശം എത്തിയത്. ഭൂമി കൈമാറിയ രാമകൃഷ്ണനും നഞ്ചനും ഒരേ കുടുംബത്തിൽ ഉൾപ്പെട്ട ആളുകളാണ്. രാമകൃഷ്ണന്റെ മാതാവിൻറെ സഹോദരനാണ് നഞ്ചൻറെ പിതാവ് ചെല്ലൻ. രാമകൃഷ്ണൻറെ സഹോദരീ ഭർത്താവാണ് നഞ്ചൻ. അതിനാൽ ഒരേ കുടുംബമായി കണക്കാക്കിയ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവ് ശരിയാണെന്ന് കലക്ടർ ഉത്തരവിൽ വ്യക്തമാക്കി. ഏതാണ്ട് 37 വർഷമാണ് അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടി ആദിവാസികൾക്ക് പോരാടേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.