സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ഇതുസംബന്ധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ്. തുടർന്ന് പാർട്ടിയുടെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി. ഇതോടെ, ആ അധ്യായം അവസാനിച്ചു.
ഇ.പി. ജയരാജന് വൈദേകം റിസോർട്ടിൽ നിക്ഷേപമില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് ഓഹരിയുണ്ടെങ്കിൽ അതിന് പാർട്ടി മറുപടി പറയണമെന്ന് ഒരു നിർബന്ധവുമില്ല. പിന്നെ, പാർട്ടിക്കകത്ത് പല വിഷയങ്ങളും ചർച്ചചെയ്യും. അത് ഏതെല്ലാമെന്ന് പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് വെളിപ്പെടുത്താൻ കഴിയില്ല. നാട്ടിലെ ഏത് വ്യക്തി സംരംഭങ്ങൾ തുടങ്ങുന്ന വേളയിലും ഉപദേശം തേടാറുണ്ട്. ആ നിലക്ക് ഇ.പി. ജയരാജനും ഉപദേശം നൽകിയിട്ടുണ്ടാവാം. അല്ലാതെ അദ്ദേഹത്തിന് നേരിട്ട് നിക്ഷേപമുണ്ടെന്ന് മാധ്യമങ്ങളും പറഞ്ഞിട്ടില്ല.
ഇലക്ടറൽ ബോണ്ട് ചർച്ചയാവാതിരിക്കാനാണ് പ്രതിപക്ഷ നേതാവ് സി.പി.എം നേതാക്കൾക്കെതിരെ പലതും ആരോപിക്കുന്നത്. ജനാധിപത്യത്തോട് വല്ല കൂറുമുണ്ടെങ്കിൽ ബി.ജെ.പി-കോൺഗ്രസ് നേതാക്കൾ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ വ്യക്തമായ മറുപടി നൽകണം. കോർപ്പറേറ്റുകളിൽനിന്ന് എത്ര കോടി കിട്ടിയെന്ന് ഒരാളും പറയുന്നില്ല. കോർപ്പറേറ്റുകളിൽനിന്ന് ഫണ്ട് സ്വീകരിക്കാത്ത പാർട്ടികളാണ് സി.പി.എമ്മും സി.പി.ഐയും. അക്കാര്യമാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത്.
ബി.ജെ.പിയുമായി പല മണ്ഡലങ്ങളിലും യു.ഡി.എഫ് ധാരണയുണ്ടാക്കിയിട്ടുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് നടത്തിയ ശബ്ദരേഖ ഇതിനകം ചോർന്നു കഴിഞ്ഞു. സി.പി.എമ്മിനെ മുഖ്യ ശത്രുവായി കാണുന്ന ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നുവെന്ന് പറയുന്നത് യു.ഡി.എഫിന്റെ പരാജയ ഭീതി കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.