മട്ടന്നൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം നഷ്ടമായതായി പരാതി. ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്താല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് പറഞ്ഞത് വിശ്വസിച്ചാണ് വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായത്. ജനുവരി നാലിനും എട്ടിനും ഇടയിലാണ് ഇദ്ദേഹത്തിന്റെ പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മട്ടന്നൂര്‍ സ്റ്റേഷന് പരിധിയില്‍ ആറു മാസത്തിനിടെ 40ഓളം കേസുകള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇക്കഴിഞ്ഞ ആഴ്ച സ്റ്റേഷന് പരിധിയിലെ ഒരു ഡോക്ടറുടെ 5,65,000 രൂപ നഷ്ടപ്പെട്ടെന്നും കൂടുതല്‍ കേസുകളും വിദ്യാസമ്പന്നരുടേതാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.വി. പ്രമോദ് മാധ്യമത്തോട് പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടെന്ന് തോന്നിയാല്‍ 24 മണിക്കൂറിനുള്ളില്‍ 1930 എന്ന പൊലീസ് സൈബര്‍ ഹെല്പ്ലൈനില് ബന്ധപ്പെട്ടാല്‍ ഒരുപരിധി വരെ പണം ബാങ്കുകളില്‍ നിന്നു പിന്‍വലിക്കുന്നത് തടസ്സപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വെളിയമ്പ്രയില്‍ പരാതിക്കാരന്റെ മൊബൈല്‍ ഫോണിലേക്ക് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യുന്നതിന് താല്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് കാള്‍ വരുകയായിരുന്നു. ട്രേഡിങ് മാര്‍ക്കറ്റ് സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴി പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പലതവണകളായി നല്കിയ വിവിധ അക്കൗണ്ടിലേക്ക് പണം അയച്ചു. പിന്നീടാണ് ഇത് സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റ് ആണെന്നും തട്ടിപ്പ് ആണെന്നും പരാതിക്കാരന് മനസ്സിലാകുന്നത്. നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോള്‍ പണം അയച്ചതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ആയതിനാല്‍ വീണ്ടും പണം നല്കിയാല് മാത്രമേ തിരികെ നല്കാന് പറ്റുകയുള്ളൂ എന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരിചയമില്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന ഇതുപോലുള്ള മെസ്സേജുകളോ കാളുകളോ ലിങ്കുകളോ ലഭിച്ചാല്‍ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനേപ്പറ്റി ചോദിക്കുകയോ ചെയ്യാതെ അതിന്റെ അധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മുന്നോട്ട് പോകണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.