കൊച്ചി: അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിൽ ആദിവാസി ജീവനക്കാരന് മർദനമേറ്റതായി പരാതി. ഇടുക്കി ജില്ലിയിലെ നന്ദനു കൃഷ്ണൻകുട്ടിയെന്ന ജീവനക്കാരാനാണ് മേലുദ്യോഗസ്ഥനായ അജേഷ് പി. ബിക്കെതിരെ കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2019 നവംബറിലാണ് നന്ദനു ഓഫിസിലെ അറ്റൻഡറായി ജോലിയിൽ പ്രവേശിച്ചത്. മേലുദ്യോഗസ്ഥൻ നിരന്തരം വംശീയമായി അധിക്ഷേപം തുടർന്നു. ഒടുവിൽ മേയ് 21ന് രാവിലെ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
മർദ്ദിച്ചതിന്റെ പേരിൽ പരാതി നൽകിയാൽ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്ന് നന്ദനു 'മാധ്യമം ഓൺലൈനിനോട്' പറഞ്ഞു. മേലുദ്യോഗസ്ഥന്റെ അടികൊണ്ട് താഴെ വീണ നന്ദനുവിനെ ഓഫിസിലെ മറ്റ് ജീവനക്കാരാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ധ ചികിൽസ തേടി. ഇ.എൻ.ടി വിഭാഗം നടത്തിയ പരിശോധനയിൽ കർണപുടത്തിന് പരിക്കുണ്ടെന്ന് കണ്ടെത്തിയതായി പരാതിയിൽ പറയുന്നു.
മർദ്ദിച്ച മേലുദ്യോഗസ്ഥന് സർവീസ് സംഘടനയിൽ സ്വാധീനമുള്ളതിനാൽ കള്ളക്കേസിൽ കുടുക്കി ജോലി കളയുമെന്ന ഭീഷണി തുടരുകയാണ്. തനിക്ക് എ.ജിയുടെ ഓഫിസിൽ ജോലി ചെയ്യാൻ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ നന്ദനുവിന്റെ മൊഴിയെടുത്തിട്ടില്ല. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമോയെന്ന ആശങ്ക പരാതിക്കാരനുണ്ട്. അതിനാൽ പട്ടികജാതി ഗോത്ര കമ്മീഷനും പരാതി നൽകുമെന്ന് നന്ദനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.