കായംകുളം : കുടുംബം നോക്കാൻ ഉണ്ണിയപ്പം വിൽക്കാൻ ഇറങ്ങിയതിലൂടെ ശ്രദ്ധേ നേടിയ പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണം ബന്ധുവായ യുവാവിന്റെ ഭീഷണിയെന്ന് പരാതി. ചെറിയ പത്തിയൂർ ഈരിക്കപ്പടിറ്റതിൽ വിഷ്ണു പ്രിയ (17) ക്ഷേത്ര കുളത്തിൽ ചാടി മരിച്ച സംഭവത്തിലാണ് 30 കാരനായ ബന്ധുവിനെതിരെ പരാതി ഉയർന്നത്. ഭിന്ന ശേഷിക്കാരനായ പിതാവ് വിജയനാണ് കായംകുളം പൊലിസിൽ പരാതി നൽകിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾക്ക് വിഷ്ണു പ്രിയയുമായി അടുപ്പം ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണി ഉണ്ടായിരുന്നത്രെ. ഇതു സംബന്ധിച്ച് കൂട്ടുകാരികളോട് പെൺകുട്ടി ചില വെളിപ്പെടുത്തലുകൾ നടത്തിയതായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
എരുവ ക്ഷേത്ര കുളത്തിൽ ചാടിയാണ് വിഷ്ണു പ്രിയ ആത്മഹത്യ ചെയ്തത്. ഫോൺ ഉപയോഗം സംബന്ധിച്ച് മാതാവ് രാധിക വഴക്ക് പറഞ്ഞതാണ് പ്രകോപന കാരണമെന്നായിരുന്നു ആദ്യ വിവരം. എന്നാൽ പിന്നീട് കൂട്ടുകാരികളാണ് 30 കാരനുമായുള്ള സൗഹൃദം സംബന്ധിച്ച് അറിയിക്കുന്നത്. ഫോൺ കോളുകൾ പരിശോധിച്ചാൽ ഇതിൽ വ്യക്തത വരുത്താനാകുമെന്നാണ് പറയുന്നത്. പ്ലസ്ടു പഠനം കഴിഞ്ഞ് എൽ.എൽ.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിനിടെയുള്ള സംഭവം വീട്ടുകാർക്ക് ഒപ്പം നാട്ടുകാരെയും ഞെട്ടിച്ചിരുന്നു. കുളക്കടവിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ മതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു.
ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന വിഷ്ണു പ്രിയയുടെ നടപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു പണികൾ ബാക്കിയായ വീട്ടിൽ ചിത ഒരുക്കി വിഷ്ണു പ്രിയയെ സംസ്കരിച്ചത്. മകളുടെ ചേതനയറ്റ ശരീരം കാണാൻ ശേഷിയില്ലാതെ ദൂര മാറി നിന്ന മാതാപിതാക്കളായ വിജയനും - രാധികയും നൊമ്പര കാഴ്ചയായിരുന്നു. ഭിന്നശേഷി ക്കാരായ ഇരുവർക്കും താങ്ങായും തണലായും എപ്പോഴും കൂടെയുണ്ടായിരുന്ന മകളുടെ മരണത്തിന് കാരണക്കാരനായവനെ തിരെ കർശന നടപടി സ്വീകരിക്കണമന്നാണ് വിജയൻ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.