തൃശൂർ: വിവിധ സർക്കാർ വകുപ്പുകളിലും കമീഷനുകളിലും ഓംബുഡ്സ്മാനിലും വന്നുചേരുന്ന പരാതികൾ പരിഹരിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കാൻ സംവിധാനമൊരുങ്ങുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് 'പരാതി പരിഹാര ഭവൻ' രൂപവത്കരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഭരണപരിഷ്കാര കമീഷന്റെ നിർദേശം പരിശോധിച്ച് നടപടി സ്വീകരിക്കാൻ സർക്കാർ പൊതുമരാമത്തിന് നിർദേശം നൽകി.
സർക്കാർ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പരാതി പരിഹാര സംവിധാനം ശക്തമാക്കണമെന്ന നാലാം ഭരണ പരിഷ്കരണ കമീഷന്റെ ഒമ്പതാം റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനങ്ങൾക്കുപുറമെ, പൊതുജീവനക്കാരും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിലാക്കിയുള്ള സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പൊതു വെബ്സൈറ്റ്, അറ്റൻഡർമാർ, ഐ.ടി ശൃംഖല എന്നിവ ഉൾകൊള്ളുന്ന സമഗ്ര പ്രപ്പോസൽ സമർപ്പിക്കാനാണ് വിവിധ വകുപ്പുകളോട് സർക്കാർ നിർദേശം.
സർക്കാർ മേഖലയിലെ പരിശീലന പരിപാടികളിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് ഒരു മൊഡ്യൂൾ ഉൾപ്പെടുത്തും. പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും. ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. വിവിധ കമീഷനുകളുടെ പ്രവർത്തനം വെബ് അധിഷ്ഠിതമാക്കും.
ഒരു പൊതു വെബ്സൈറ്റിന് കീഴിലാക്കിയോ, പ്രത്യേകമോ പോർട്ടലുകൾ തുടങ്ങി പണമടക്കാനും പരാതിപ്പെടാനും ഉള്ള സംവിധാനം കൊണ്ടുവരും. കൃത്യമായ ഇടവേളകളിൽ പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നുണ്ടെന്ന് വിലയിരുത്താൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. കെ.എസ്.ഇ.ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരും. ഇലക്ട്രിസിറ്റി ഓബുഡ്സ്മാന് നേരിട് പരാതികൾ സ്വീകരിക്കുന്നതിന് അധികാരം നൽകും.
പരാതി കുറയ്ക്കാൻ വേണ്ടി ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.വിവരാവകാശ കമീഷൻ ഉൾപ്പെടെ വിവിധ കമീഷനുകളും ഓംബുഡ്സമാനും എല്ലാ ജില്ലകളിലും ഒന്നിടവിട്ട മാസങ്ങളിൽ സിറ്റിങ് നടത്തണം. സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളിൽ ബോധവത്കരണം നടത്തും. ഓഡിറ്റർമാർക്ക് ആവശ്യമായ പരിശീലനവും നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.