കണ്ണൂർ: പി.എഫ് പെൻഷൻ വിഷയത്തിൽ ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന നിർണായക സുപ്രീംകോടതി വിധിയിൽ ആശങ്കയും അതിലേറെ ആശയക്കുഴപ്പവും ബാക്കി. പെൻഷന് 15,000 രൂപ ശമ്പള പരിധി എന്ന നിബന്ധന ഇല്ലാതായതാണ് വിധിയിലെ, തൊഴിലാളികൾക്ക് അനുകൂലമായ ഘടകം. എന്നാൽ, ഉയർന്ന വിഹിതം ഓപ്ഷനെടുക്കാതെ വിരമിച്ചവർക്ക് വിധി നിരാശജനകവുമാണ്.
പെൻഷൻ നിശ്ചയിക്കുന്നതിന് കണക്കാക്കുന്ന ശമ്പളത്തിന്റെ ശരാശരി സംബന്ധിച്ച സുപ്രീംകോടതി തീർപ്പും തൊഴിലാളികൾക്ക് തിരിച്ചടിയാകും. പെൻഷൻ നിശ്ചയിക്കുന്നതിന് വിരമിക്കുന്നതിന് മുമ്പുള്ള അഞ്ചു വർഷത്തിന്റെ ശമ്പള ശരാശരിയാണ് ഇനി കണക്കാക്കുക. കേരള ഹൈകോടതി വിധിയിൽ ഇത് അവസാനത്തെ ഒരു വർഷത്തിന്റെ ശമ്പള ശരാശരിയായിരുന്നു. ഒരു വർഷത്തിൽനിന്ന് അഞ്ചു വർഷത്തിന്റെ ശമ്പള ശരാശരി കണക്കാക്കുമ്പോൾ പെൻഷൻ തുകയിൽ ഗണ്യമായ കുറവു വരും. ഇതുതന്നെയാണ് പുതിയ വിധിയിൽ തൊഴിലാളിക്ക് എറ്റവും കൂടുതൽ തിരിച്ചടിയാകുന്നതും.
കോടതിവിധിയുടെ വിശദാംശങ്ങൾ മുഴുവൻ പുറത്തുവന്നാൽ മാത്രമേ എത്രമാത്രം തൊഴിലാളികളെ ബാധിക്കും എന്ന് പൂർണമായും മനസ്സിലാക്കാൻ സാധിക്കൂ. കേരള ഹൈകോടതി വിധി നൽകിയ അനുകൂലമായ പല ആശ്വാസ ഘടകങ്ങളും സുപ്രീംകോടതി വിധിയിലില്ലെന്നതും തൊഴിലാളികൾക്ക് തിരിച്ചടിയാണ്. 2004 വരെ എപ്പോൾ വേണമെങ്കിലും ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷൻ നൽകാമെന്ന വ്യവസ്ഥയും പുതിയ വിധിയിലൂടെ റദ്ദായി. ഇപ്പോഴിത് നാലു മാസമായി പരിമിതപ്പെടുത്തി. ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് 1.16 ശതമാനം വിഹിതം തൊഴിലാളി നൽകണമെന്ന ഭേദഗതി റദ്ദ് ചെയ്തെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിന് ആറുമാസത്തെ സമയം നൽകിയത് ആശങ്കയുണർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.