കൽപറ്റ: കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറുടെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് ഒരു കുടുംബത്തിൽ സംഭവിക്കാനിരുന്ന അനിഷ്ട സംഭവങ്ങൾ. സ്കൂളിൽനിന്ന് ആരുമറിയാതെ പുറത്തിറങ്ങി കോട്ടയത്തേക്ക് പോകാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിനിയെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാൻ വഴിയൊരുക്കിയതിന്റെ ആശ്വാസത്തിലാണ് മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടറും പിണങ്ങോട് സ്വദേശിയുമായ പി. വിനോദ്.
രാവിലെ 9.15നുള്ള മാനന്തവാടി-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിൽ ബുധനാഴ്ചയാണ് സംഭവം. മാനന്തവാടിയിൽനിന്ന് കയറിയ വിദ്യാർഥിനി കോട്ടയത്തേക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടത്. കൈയിൽ 150 രൂപയേ ഉള്ളൂവെന്നും ബാക്കി തുക ചേട്ടൻ ഗൂഗിൾ പേയിലൂടെ അയക്കുമെന്നും പറഞ്ഞ് ഒരു നമ്പർ നൽകുകയായിരുന്നു. കുട്ടിയുടെ കൈവശം മൊബൈൽ ഫോണും ഉണ്ടായിരുന്നില്ല. കുട്ടി നൽകിയ നമ്പറിൽ വിളിച്ചെങ്കിലും പൈസ അയച്ചില്ല. ഫോണിൽ സംസാരിച്ചയാളും കൃത്യമായ മറുപടിയല്ല നൽകിയത്. കുട്ടിയുടെ സംസാരത്തിലും അസ്വാഭാവികത തോന്നി. ഡ്രൈവർ പടിഞ്ഞാറത്തറ സ്വദേശി വിജേഷിനെയും വിനോദ് വിവരം അറിയിച്ചു. തുടർന്ന്, ഏത് സ്കൂളിലാണ് പഠിക്കുന്നതെന്ന് കുട്ടിയോട് ചോദിച്ചു. കുട്ടി പറഞ്ഞ സ്കൂളിന്റെ ഫോൺ നമ്പർ ബസിലുണ്ടായിരുന്ന സുഹൃത്ത് നിഷാന്തിന്റെ സഹായത്തോടെ സംഘടിപ്പിച്ചു.
സ്കൂളിലേക്ക് വിളിച്ചപ്പോഴാണ് വിദ്യാർഥിനിയെ കാണാനില്ലെന്ന വിവരം അധികൃതർ പൊലീസിൽ അറിയിച്ചകാര്യം അറിയുന്നത്. കുട്ടിയുടെ രക്ഷിതാവുമായും വിനോദ് സംസാരിച്ചു. വിദ്യാർഥിനിയെ ആശ്വസിപ്പിക്കുകയും ചെയ്തു. വിദ്യാർഥിനിയെയോ ബസിലെ മറ്റു യാത്രക്കാരെയോ ബുദ്ധിമുട്ടിക്കാതെയായിരുന്നു ഇടപെടൽ. പിന്നീട് മാനന്തവാടി പൊലീസ് അറിയിച്ചതിനെ തുടർന്ന് 10.30 ഓടെ കൽപറ്റ പൊലീസ് പുതിയ ബസ് സ്റ്റാൻഡിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കൈയിൽ പണമോ ഫോണോ ഇല്ലാതെ ആരുമറിയാതെ പോകാൻ ശ്രമിച്ച കുട്ടിയെ വേഗത്തിലുള്ള ഇടപെടലിലൂടെ സുരക്ഷിതമായി അധികൃതർക്ക് കൈമാറാനായതിന്റെ ആശ്വാസത്തിൽ കണ്ടക്ടർ വിനോദ് കോട്ടയത്തേക്കുള്ള യാത്ര തുടരാനുള്ള ഡബിൾ ബെല്ലടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.