കരുനാഗപ്പള്ളി: സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ സമ്മേളനത്തിൽ പീഡനക്കേസ് പ്രതിയെ ഭാരവാഹിയായി തെരഞ്ഞെടുത്തതിനെതിരെ രൂക്ഷപ്രതികരണവുമായി വനിതാപ്രവർത്തകരും രംഗത്ത്. ഇത് സി.പി.എമ്മാണെന്നും പെണ്ണുപിടിയൻമാരെ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വെച്ചാൽ ഞങ്ങൾ സഹിക്കില്ലെന്നും ഇവർ പറഞ്ഞു. ‘ഇത്രയും കൊള്ളരുതായ്മ നടത്തിയവർക്കെതിരെയുള്ള തെളിവുകൾ പുറത്തൊന്നും വിടാതെ പാർട്ടിക്ക് കൊടുത്തതാ. എന്നിട്ടും നേതൃത്വത്തിൽ വെച്ചാൽ ഞങ്ങൾ സ്ത്രീകൾ ഈ പ്രസ്ഥാനത്തിൽ നിൽക്കില്ല. ഇതെങ്ങനെ സഹിക്കും? ഒരു കൊലപാതകിയാണെങ്കിലും പ്രസ്ഥാനത്തിന് സംരക്ഷിക്കാം. എന്നാൽ അതിലും മോശപ്പെട്ട, സി.പി.എമ്മിന് ഒരിക്കലും വെച്ചുപൊറിപ്പിക്കാനാവാത്ത ഇവരെ പോലുള്ളവരെ നേതൃത്വത്തിൽ കൊണ്ടുവന്നാൽ ഞങ്ങളാരും അനുസരിക്കില്ല’ -അവർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു.
ഇന്നലെ രാത്രിയായിരുന്നു കൊല്ലം കുലശേഖരപുരത്ത് സി.പി.എം സമ്മേളനങ്ങൾക്കിടെ നാടകുയമായ രംഗങ്ങൾ. പീഡനക്കേസ് പ്രതിയെ സി.പി.എം ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്നും ഇയാൾ പെണ്ണിനെ പീഡിപ്പിക്കുന്ന വിഡിയോ തങ്ങളുടെ കൈകളിൽ ഉണ്ടെന്നും വേണമെങ്കിൽ ചാനലുകൾക്ക് നൽകാമെന്നും പാർട്ടി അംഗങ്ങൾ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞു.
‘ഇത്രയും പെണ്ണുപിടിയൻമാരെ പിടിച്ച് ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വെച്ചാൽ ഞങ്ങൾ സഹിക്കണോ? ഞങ്ങൾ സ്ത്രീകൾ ഈ പ്രസ്ഥാനത്തിൽ നിൽക്കില്ല. ഇതെങ്ങനെ സഹിക്കും?. ഇത് സി.പി.എമ്മാണ്. ഈ പ്രസ്ഥാനത്തെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നേതൃത്വത്തിന് ഞങ്ങൾ ആവുന്നത്ര തെളിവുകൾ കൊടുത്തു. ഇത്രയും കൊള്ളരുതായ്മ നടത്തിയവർക്കെതിരെയുള്ള തെളിവുകൾ പുറത്തൊന്നും വിടാതെ പാർട്ടിക്ക് കൊടുത്തതാ. അടിമുതൽ മുടിവരെ ഞങ്ങൾ പാർട്ടിക്ക് പരാതി കൊടുക്കുകയും ചെയ്തു. ഒരു കൊലപാതകിയാണെങ്കിലും പ്രസ്ഥാനത്തിന് സംരക്ഷിക്കാം. എന്നാൽ അതിലും മോശപ്പെട്ട, സി.പി.എമ്മിന് ഒരിക്കലും വെച്ചുപൊറിപ്പിക്കാനാവാത്ത അനുയോജ്യമല്ലാത്ത ഇവരെ പോലുള്ളവരെ നേതൃത്വത്തിൽ കൊണ്ടുവന്നാൽ ഞങ്ങളാരും അനുസരിക്കില്ല. ഞങ്ങൾ കുഞ്ഞുനാൾ മുതൽ എസ്.എഫ്.ഐയിലൂടെ വളർന്നുവന്നവരാ.. സി.പി.എമ്മിന്റെ രക്തസാക്ഷി കുടുംബത്തിൽ ഉള്ളവളാ ഞാൻ. സ്ത്രീപീഡനം ചെയ്യുന്നവരെ തന്നെ ഭാരവാഹികൾ ആക്കുന്നത് ശരിയല്ല. പാലുകുടിക്കുന്ന കുഞ്ഞുങ്ങളെ വരെ മാറ്റി നിർത്തി പ്രസ്ഥാനത്തിന് വേണ്ടി ഇറങ്ങിയ സ്ത്രീകളാ ഞങ്ങൾ. മാന്യമായിട്ടുള്ള പ്രസ്ഥാനം മാത്രം മതി ഞങ്ങൾക്ക്. സി.പി.എമ്മായിരിക്കണം. എന്നെ നാളെ പാർട്ടിയിൽ നിന്ന് പുറത്താക്കട്ടെ. എന്നാലും കുഴപ്പമില്ല. എന്റെ പ്രസ്ഥാനമാണ് എനിക്ക് വലുത്. സ്ത്രീകളെ മാനിക്കണം.’ -വനിതാ പ്രവർത്തക രോഷത്തോടെ പറഞ്ഞു.
നികൃഷ്ടനായ ആളെയാണ് പാർട്ടിഭാരവാഹിയാക്കിയതെന്ന് മറ്റൊരു പ്രവർത്തകൻ പറഞ്ഞു. 10 വർഷമായി തങ്ങൾ അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പീഡനക്കേസ് പ്രതിയെ ഭാരവാഹിയാക്കിയതിൽ പ്രതിഷേധിച്ച് സമ്മേളനത്തിൽ നിരീക്ഷകരായി എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികൾ ഇന്നലെ രാത്രി പൂട്ടിയിട്ടു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുൻ രാജ്യസഭാംഗം ബി. സോമപ്രസാദ്, കെ രാജഗോപാൽ തുടങ്ങിയവരാണ് അണികളുടെ പ്രതിഷേധച്ചൂടറിഞ്ഞത്. ഏറെ നേരത്തിന് ശേഷം നേതാക്കളെ തുറന്നുവിട്ടെങ്കിലും ഇവർ സഞ്ചരിച്ച വാഹനം സി.പി.എം പ്രവര്‍ത്തകര്‍ നടുറോഡിൽ തടഞ്ഞു. ജില്ല സെക്രട്ടറിയേറ്റ് അംഗം ആയ രാധാമണിയെ പിന്‍വാതിലൂടെ പ്രവര്‍ത്തകര്‍ പുറത്തിറക്കി. നാലര മണിക്കൂറോളം നേതാക്കളെ പൂട്ടിയിട്ടു.
വിഭാഗീയതയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് നിർത്തിവെച്ച സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ ലോക്കൽ സമ്മേളനമാണ് ഇന്നലെ നടന്നത്. ഡിസംബർ രണ്ടിന് ഏരിയാസമ്മേളനം ആരംഭിക്കാനിരിക്കെ, സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. എന്നാൽ, ആരോപണ വിധേയരായ രണ്ടുപേരെ ലോക്കൽ സെക്രട്ടറിമാർ ആക്കിയതിൽ പ്രതിഷേധം ശക്തമാവുകയായിരുന്നു. സ്ത്രീ പീഡന കേസിൽ ഉൾപ്പെടെ പ്രതികളായവരെ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെ സമ്മേളനത്തിനെത്തിയ സംസ്ഥാന നേതാക്കൾക്കെതിരെയായി പ്രതിഷേധം. നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെക്കുകയും ഇവരുടെ വാഹനത്തിനു മുന്നിൽ മുദ്രാവാക്യം മുഴക്കി ഇരുപ്പുറപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.