കോഴിക്കോട്: ഇരുവിഭാഗങ്ങൾ തമ്മിലെ കടുത്ത ചേരിപ്പോരിനിടെ ബുധനാഴ്ച കോഴിക്കോട്ട് ചേർന്ന സമസ്ത മുശാവറ യോഗത്തിൽ നാളിതുവരെ ഉണ്ടാകാത്ത അസാധാരണ സംഭവങ്ങൾ. മുശാവറ അംഗങ്ങളെ കള്ളന്മാർ എന്നുവിളിച്ച മുക്കം ഉമർ ഫൈസിയുടെ നിലപാടിൽ പ്രതിഷേധമുയർത്തി അധ്യക്ഷനായ ജിഫ്രി തങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഡോ. ബഹാഉദ്ദീൻ നദ്വി അടക്കമുള്ള മുശാവറ അംഗങ്ങളുമായും ഉമർ ഫൈസി കൊമ്പുകോർത്തു. ഇതോടെ സമസ്ത വൈസ് പ്രസിഡന്‍റ് യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.
സംഘടനാ കാര്യങ്ങളും സി.ഐ.സി വിഷയവുമാണ് യോഗത്തിൽ ആദ്യ അജണ്ടയായി എടുത്തത്. സി.ഐ.സിയുമായി സമസ്തക്ക് ബന്ധമില്ലെന്ന് നേരത്തെ എടുത്ത തീരുമാനം യോഗം അരക്കിട്ടുറപ്പിച്ചു. തുടർന്നാണ് ഉമർ ഫൈസിക്കെതിരായ ലീഗ് അനുകൂല വിഭാഗത്തിന്‍റെ പരാതി ചർച്ചക്കെടുത്തത്. ഉമർ ഫൈസിയെ യോഗത്തിൽനിന്ന് മാറ്റിനിർത്തി വിഷയം ചർച്ച ചെയ്യണമെന്ന് ലീഗ് അനുകൂല വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം ന്യായമായതിനാൽ ആരോപണ വിധേയൻ തൽക്കാലം യോഗത്തിൽനിന്ന് മാറിനിൽക്കട്ടെ എന്ന നിർദേശം ജിഫ്രി തങ്ങൾ മുന്നോട്ടുവെച്ചു. ഇത് ഉമർ ഫൈസി അംഗീകരിച്ചില്ല. ഇതിനുമുമ്പ് പല വ്യക്തികളെ സംബന്ധിച്ചും ചർച്ച ചെയ്തപ്പോൾ അവർ മാറിനിന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമർ ഫൈസി യോഗത്തിൽ തന്നെ ഇരുന്നത്. ഇതിനെതിരെ ഡോ. ബഹാഉദ്ദീൻ നദ്വി രംഗത്തുവന്നു. മലപ്പുറം എടവണ്ണപ്പാറയിൽ നടന്ന പൊതുയോഗത്തിൽ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച വിഷയം അദ്ദേഹം എടുത്തിട്ടു.
‘വളരെ മോശം പരാമർശങ്ങൾ നടത്തുകയും ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് പറയുകയും ചെയ്താൽ പ്രശ്നം തീരുമെന്ന് കരുതരുത്. അധ്യക്ഷന്‍റെ നിർദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്’ എന്നുകൂടി ബഹാഉദ്ദീൻ നദ്വി പറഞ്ഞപ്പോൾ ഉമർ ഫൈസി ക്ഷുഭിതനായി. കള്ളന്മാരാണ് കുഴപ്പമുണ്ടാക്കുന്നതെന്നും അങ്ങനെയുള്ളവർ ഇവിടെ ഇരിക്കുമ്പോൾ താൻ പുറത്തുപോകണമെന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്നും ഉമർ ഫൈസി പറഞ്ഞു. താനെന്താണ് മോഷ്ടിച്ചതെന്ന് ബഹാഉദ്ദീൻ നദ്വി തിരിച്ചുചോദിച്ചു.
പബ്ലിസിറ്റിക്കായി പലരും കള്ളം പറയുകയാണെന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. ഇതോടെ ഉമർ ഫൈസിക്കെതിരെ മുസ്തഫ ഫൈസി, മൂസക്കോയ മുസ്ലിയാർ, കെ.ടി. ഹംസ മുസ്ലിയാർ എന്നിവരടക്കം രംഗത്തുവന്നു. ഇതോടെയാണ് ഞങ്ങളെയെല്ലാം കള്ളന്മാരാക്കിയ സാഹചര്യത്തിൽ യോഗത്തിൽ ഇരിക്കുന്നില്ലെന്നുപറഞ്ഞ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത്. തുടർന്ന് വൈസ് പ്രസിഡന്‍റ് യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ ‘സ്വലാത്ത്’ ചൊല്ലി യോഗം പിരിച്ചുവിട്ടതായി അറിയിച്ചു. പുറത്തിറങ്ങിയ ജിഫ്രി തങ്ങൾ, പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഏതാനും ദിവസങ്ങൾക്കകം പ്രത്യേക മുശാവറ ചേരുമെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സമസ്ത അധ്യക്ഷനെ പോലും അനുസരിക്കാത്ത ഉമർ ഫൈസിയുടെ നിലപാടിനെതിരെ ലീഗ് അനുകൂല വിഭാഗം ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നത്. ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തിപ്പെടുത്താനാണ് അവരുടെ തീരുമാനം. സമസ്ത ആദർശ സംരക്ഷണ സമിതി ഉടൻ യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.