കളമശ്ശേരി: കിൻഫ്രാ ഹൈടെക് പാർക്കിലെ ഇലക്ട്രോണിക് സിറ്റിയിലെ ദുരന്തത്തിൽപ്പെട്ടവരുടെ എണ്ണത്തിന്‍റെ കാര്യത്തിലെ അവ്യക്തത രക്ഷാപ്രവർത്തകരെയും പൊലീസിനേയും ബുദ്ധിമുട്ടിലാക്കി. ദുരന്തമുണ്ടായതിന് പിന്നാലെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരോട് മണ്ണിനടിയിൽപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കാൻ ഉത്തരവാദപ്പെട്ടവർ ആരും സ്ഥലത്തുണ്ടായിരുന്നില്ല.
പത്ത് പേരെന്നും, എട്ട് പേരെന്നുമാണ്, അപകടത്തിൽനിന്ന് രക്ഷപ്പെട്ട് വിഭ്രാന്തിയിൽനിന്ന തൊഴിലാളികൾ ആദ്യം പറഞ്ഞത്. പിന്നാലെ കമ്പനി അധികൃതർ തൊഴിലാളികളിൽനിന്ന് എണ്ണമെടുത്ത് ഏഴ് പേരെന്ന് ഉറപ്പിച്ചു. അതനുസരിച്ച് വിവിധയിടങ്ങളിൽ നിന്നെത്തിയ അഗ്നി രക്ഷാസേനാ അംഗങ്ങളും പൊലീസും, ഐആർഡബ്ല്യു വളന്‍റിയേഴ്സും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
രണ്ടരയോടെ നടന്നുവെന്ന് പറയുന്ന അപകടസ്ഥലത്ത് 25 അടിയോളം താഴ്ചയുള്ള കുഴിയിൽ മണ്ണിനടിയിൽപ്പെട്ട ആദ്യ രണ്ട് പേരെ മുക്കാൽ മണിക്കൂറിനകം പുറത്തെടുത്ത് രക്ഷപ്പെടുത്തി. തുടർന്ന് പെട്ടിമട ദുരന്തത്തിൽ സഹായകരായ പൊലീസ് നായ്ക്കളെ സ്ഥലത്തെത്തിച്ച് അതിന്‍റെ സഹായത്തോടെ 4. 11 ആയപ്പോഴേക്കും മരിച്ച ആളെ പുറത്തെടുത്തു. പിന്നാലെ പത്ത് മിനിറ്റ് ഇടവിട്ട് 4.50 ഓടെ നാല് പേരെയും പുറത്തെടുത്തു.
അപകടത്തിൽപ്പെട്ടുവെന്ന് പറഞ്ഞ ഏഴാമത്തെ ആൾക്കായി മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെ പല രീതിയിലും തിരച്ചിൽ തുടർന്നു. ഇതിനിടെ സംശയം തോന്നിയ പൊലീസ് തൊഴിലാളികളുടെ ഹാജർ ബുക്ക് സ്ഥാപന അധികൃതരിൽനിന്ന് നിർബന്ധിച്ച് വാങ്ങി നിർമാണത്തിലുണ്ടായിരുന്ന തൊഴിലാളികളെ ഒരുമിച്ച് നിർത്തി പരിശോധിച്ചതിനാലാണ് അപകടത്തിൽപ്പെട്ടവർ ആറായിരുന്നുവെന്ന് വ്യക്തമായത്. അതോടെ കലക്ടർ അടക്കമുള്ളവരെ അറിയിച്ചതനുസരിച്ച് വൈകിട്ട് ഏഴ് മണിയോടെ എ.ഡി.എം സ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുകയായിരുന്നു.
കളമശ്ശേരി: അപകടത്തിൽ സുരക്ഷാവീഴ്ചയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാർ എ.ഡി.എം എസ്. ഷാജഹാന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ജില്ല കലക്ടർ ജാഫർ മാലിഖ് പറഞ്ഞു. പൊലീസ്, റവന്യൂ, അഗ്നിരക്ഷാ വിഭാഗം, തൊഴിൽ വിഭാഗം, ജിയോളജി വകുപ്പ് തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷിക്കുക. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകും. സ്ഥലത്തെ സാഹചര്യമനുസരിച്ച് നികത്ത് ഭൂമിയായാണ് മനസ്സിലാക്കുന്നത്.
സുരക്ഷാ വീഴ്ചകൾ ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. നാല് മണിയോടെ സ്ഥലത്തെത്തിയ കലക്ടർ, അപകട സ്ഥലവും മറ്റു പ്രദേശങ്ങളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.