ചേർത്തല: എം.ബി.ബി.എസിന് മെറിറ്റിൽ പ്രവേശനം നേടിയ ഓമനക്കുട്ടെൻറ മകൾ സുകൃതിക്ക് വിവിധ മേഖലകളിൽനിന്ന് അഭിനന്ദന പ്രവാഹം. പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ സി.പി.എം നടപടിക്ക് വിധേയമായ ഓമനക്കുട്ടൻ പിന്നീട് നിരപരാധിയെന്ന് തെളിഞ്ഞിരുന്നു.
മന്ത്രി പി. തിലോത്തമൻ സ്റ്റെതസ്കോപ് നൽകി ആദരിച്ചു. ഓമനക്കുട്ടെൻറ വീട്ടിലെത്തിയാണ് മന്ത്രി അഭിനന്ദനം അറിച്ചത്. ജില്ല പഞ്ചായത്ത് വയലാർ ഡിവിഷൻ സ്ഥാനാർഥി എൻ.എസ്. ശിവപ്രസാദും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പുരോഗമന കലാസാഹിത്യസംഘം സുകൃതിക്ക് ഒരു വർഷത്തേക്കുള്ള ധനസഹായം വാഗ്ദാനം ചെയ്തു.
2018 ആഗസ്റ്റ് 16ന് അംബേദ്കർ കോളനിയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയവരിൽനിന്ന് പണപ്പിരിവ് നടത്തിയെന്ന ആരോണം ഉയർന്നതിനെത്തുടർന്നാണ് പാർട്ടിയിൽനിന്ന് നടപടി നേരിടേണ്ടിവന്നത്. ഓമനക്കുട്ടൻ-രാജി ദമ്പതികളുടെ മകളായ സുകൃതിക്ക് ചെറുപ്പം മുതൽ ഡോക്ടറാവണമെന്ന മോഹം ഉണ്ടായിരുന്നു.
വെള്ളത്താൽ ചുറ്റപ്പെട്ട പണി തീരാത്ത വീട്ടിലാണ് ഓമനക്കുട്ടെൻറ കുടുംബം താമസിക്കുന്നത്. 30 വർഷം പാർട്ടിക്ക് വേണ്ടി ജീവിച്ച ഓമനക്കുട്ടൻ പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്കും കോവിഡ് ബാധിതർക്കും തെൻറ കൃഷിയിടത്തിലെ വിളവുകൾ സൗജന്യമായി നൽകിയും മാതൃകയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.