കണ്ണൂർ: സർവേ കല്ലുകൾ പിഴുതെറിഞ്ഞതുകൊണ്ട് കെ റെയില്‍ പദ്ധതി ഇല്ലാതാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ആധുനികമായ സംവിധാനങ്ങളുണ്ട്. ഡിജിറ്റല്‍ സംവിധാനം വഴി സര്‍വേ കല്ല് എവിടെയെല്ലാമാണ് സ്ഥാപിച്ചതെന്ന് വ്യക്തമാകും. പണ്ട് നടത്തിയതു പോലെ സര്‍വേ കുറ്റി എടുത്തുമാറ്റിയാല്‍ പദ്ധതി ഇല്ലാതാക്കാം എന്നുള്ള ധാരണ മൗഢ്യമാണ്. അത്തരം സമീപനങ്ങളില്‍ നിന്നും യു.ഡി.എഫ് നേതൃത്വം പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു.
കണ്ണൂര്‍ മാടായിപ്പാറയില്‍ കെ റെയിലിന്റെ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാടായിപ്പാറയിലെ ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്ത് അഞ്ച് സര്‍വേക്കല്ലുകള്‍ പിഴുതി മാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. കല്ലുകള്‍ പിഴുതു മാറ്റിയാല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം ചെയ്യാനുള്ള ശേഷി കോൺഗ്രസിനില്ല. അതെല്ലാം പണ്ടേ നഷ്ടപ്പെട്ടു പോയി. ഇപ്പോള്‍ വെറും വീരസ്യം പറയാനേ അവര്‍ക്ക് കഴിയൂ. കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം പേരുമെന്നും തടസപ്പെടുത്തിയാൽ നിയനടപടി നേരിടേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.
കെ റെയിലിന് എതിരെ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാൻ ഇന്ന് യു.ഡി.എഫ് യോഗം ചേരാനിരിക്കെയാണ് കോടിയേരിയുടെ പ്രതികരണം. പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. പദ്ധതിക്കെതിരെ വീടുകയറിയുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.