തിരുവനന്തപുരം: പുതുപ്പള്ളി പോളിങ് പൂർത്തിയാകുമ്പോൾ ഫലം എന്തെന്നതിൽ ആർക്കുമില്ല സംശയം. ചാണ്ടി ഉമ്മന് വ്യക്തമായ മേൽക്കൈയുണ്ട്. പക്ഷേ, കോൺഗ്രസിന്‍റെ ആശങ്ക അകറ്റുന്നില്ല. കാരണം, അവർക്ക് കേവലമൊരു വിജയം പോരാ. ഉമ്മൻ ചാണ്ടിയെപ്പോലൊരു നേതാവിന്‍റെ തട്ടകത്തിൽ വിയോഗത്തിന്‍റെ കണ്ണീരുണങ്ങും മുമ്പുണ്ടായ ഉപതെരഞ്ഞെടുപ്പ് മകൻ ചാണ്ടി ഉമ്മന് നല്ല ഭൂരിപക്ഷമില്ലെങ്കിൽ അത് യഥാർഥ വിജയമാകുന്നില്ല. കഴിഞ്ഞ തവണ ഒമ്പതിനായിരത്തിൽപരം വോട്ടിന് ഉമ്മൻ ചാണ്ടി ജയിച്ചിടത്ത് പുതിയ സാഹചര്യത്തിൽ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 20,000 കടന്നില്ലെങ്കിൽ കോൺഗ്രസിന് ആഘോഷിക്കാനാകില്ല.
മറുഭാഗത്ത് മാന്യമായ തോൽവി പോലും സി.പി.എമ്മിന് വിജയമാണ്. ഈസി വാക്കോവറല്ലെന്ന് യു.ഡി.എഫിനെ ബോധ്യപ്പെടുത്തിയെന്നുപറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് കൂട്ടിച്ചേർക്കുമ്പോൾ കാര്യം വ്യക്തമാണ്. ചുരുക്കത്തിൽ സി.പി.എമ്മിന്‍റെ അട്ടിമറി വിജയ സാധ്യത വിരളം. കോൺഗ്രസിന് മിന്നും വിജയം സാധ്യമാകുമോയെന്നത് മാത്രമാണ് ശേഷിക്കുന്ന ചോദ്യം. അരനൂറ്റാണ്ടായി കോൺഗ്രസിന്‍റെ കൈവശമുള്ള പുതുപ്പള്ളി നിലനിർത്തുന്നത് വലിയ കാര്യമല്ല. എന്നാൽ, പുതുപ്പള്ളിയിൽ കാണിച്ച പോരാട്ടവീര്യം പരിശോധിക്കുമ്പോൾ പതിവില്ലാത്തവിധം ഒരു പടി മുന്നിൽ കോൺഗ്രസാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ മണിക്കൂറുകൾക്കകം സ്ഥാനാർഥി എന്ന ഉറപ്പ് കോൺഗ്രസ് പാലിച്ചു.
ചാണ്ടി ഉമ്മനുള്ളപ്പോൾ പുതുപ്പള്ളിയിൽ മറ്റ് നേതാക്കളാരും കണ്ണുവെച്ചില്ലെന്നത് കെ.പി.സി.സി നേതൃത്വത്തിന് സൗകര്യമായി. മറുഭാഗത്ത് സി.പി.എം സ്ഥാനാർഥി നിർണയത്തിൽ പതറി. പൊതുസമ്മതനായി കോൺഗ്രസിൽ നിന്നൊരാളെ ചാടിക്കാനുള്ള ശ്രമം പാളി. ജെയ്ക്ക് സി. തോമസിന്‍റെ പേരുറപ്പിക്കുമ്പോഴേക്ക് ചാണ്ടി ഉമ്മൻ മുന്നേറിക്കഴിഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ചികിത്സവിവാദം ചർച്ചയാക്കാനൊരുങ്ങിയ സി.പി.എം നീക്കം പാളി. അപകടം തിരിച്ചറിഞ്ഞ് പ്രചാരണത്തിൽ വ്യക്ത്യധിക്ഷേപം വേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുന്നതിനുമുമ്പുതന്നെ ചികിത്സ വിവാദം ജെയ്ക്കിന് കാര്യമായ പരിക്കേൽപിച്ചു.
ജെയ്ക്കിന്‍റെ ഭാര്യയുടെ പരാതി സൈബർ ആക്രമണത്തിന്‍റെ തൂക്കമൊപ്പിക്കാനുള്ള നീക്കമായിരുന്നു. സി.പി.എമ്മിന് തന്ത്രങ്ങൾ പലതും പിഴച്ചപ്പോൾ പതിവില്ലാത്തവിധം പുതുപ്പള്ളിയിൽ സി.പി.എമ്മിനെ കിടപിടിക്കുംവിധം ചിട്ടയായ പ്രവർത്തനം കോൺഗ്രസ് കാഴ്ചവെച്ചു. അതിന്‍റെ ഫലം എത്രത്തോളമെന്നതാണ് വെള്ളിയാഴ്ച അറിയാനുള്ളത്.
കോട്ടയം: തെരഞ്ഞെടുപ്പ് ദിനത്തിലും ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തെച്ചൊല്ലി വാക്പോര്. ചികിത്സയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തിയാ0ണ് ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസ് തെരഞ്ഞെടുപ്പ് ദിനത്തിൽ ആരോപണം കടുപ്പിച്ചത്.
എന്നാൽ, ഇടതു മുന്നണിക്ക് വിഷയദാരിദ്ര്യമാണെന്നും വോട്ടർമാർ അവഗണിക്കുമെന്ന പ്രതികരണമാണ് ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും നടത്തിയത്. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് കോൺഗ്രസുകാർ തന്നെയാണെന്നും ജെയ്ക് ആരോപിച്ചു.
ജെയ്ക് സി. തോമസ് കുടുംബത്തെ വേട്ടയാടുന്നെന്നാണ് ചാണ്ടി ഉമ്മന് തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മൻ ചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈയെടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിത്സിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും സമയമാകുമ്പോൾ ഡയറിക്കുറിപ്പെല്ലാം പുറത്തുവിടാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.