ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​വേ​ള​യി​ൽ ക​ണ്ണൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സ​തീ​ശ​ൻ പാ​ച്ചേ​നി കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നൊ​പ്പം. മു​ൻ​മ​ന്ത്രി കെ.​സി. ജോ​സ​ഫ്, ക​ണ്ണൂ​ർ ഡി.​സി.​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ

എ​ന്നി​വ​ർ സ​മീ​പം

സഖാവിന്‍റെ കൊച്ചുമകൻ; കമ്യൂണിസ്റ്റ് കുടുംബത്തിലെ കോൺഗ്രസ് നേതാവ്

കണ്ണൂർ: തളിപ്പറമ്പിനടുത്തുള്ള പാച്ചേനി എന്ന ഗ്രാമം ചുവന്ന മണ്ണാണ്. ഈ മണ്ണിൽനിന്നാണ് മാനിച്ചേരി സതീശന്‍ എന്ന കെ.എസ്.യു നേതാവ് സതീശന്‍ പാച്ചേനിയെന്ന കോൺഗ്രസ് നേതാവായി മാറുന്നത്. കടുത്ത കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്ന് കോണ്‍ഗ്രന്‍റെ നേതൃത്വത്തിലെത്തിയ കർമ നിരതനായ നേതാവുകൂടിയാണ് അദ്ദേഹം.

ജനിച്ചതും വളർന്നതും കമ്യൂണിസ്റ്റ് കുടുംബത്തിലാണെങ്കിലും രാഷ്ട്രീയം പടർന്നുകയറിയത് വലതുപക്ഷം ചേർന്ന്. പ്രമാദമായ മാവിച്ചേരി കേസില്‍ ഉള്‍പ്പെടെ നിരവധി തവണ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷകപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സഖാവ് പാച്ചേനി ഉറുവാടന്‍റെ കൊച്ചുമകൻ എന്ന വിശേഷം കൂടിയുണ്ട് ഈ കോൺഗ്രസ് നേതാവിന്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായിരുന്നു രക്ഷിതാക്കളായ പരേതനായ പാലക്കീല്‍ ദാമോദരനും മാനിച്ചേരി നാരായണിയും.

അടിയന്തരാവസ്ഥക്കുശേഷം അക്കാലത്തെ നിയമത്തിന്‍റെ ദുരുപയോഗത്തിനെതിരെ 1977-78 ലെ ഗുവാഹതിയില്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ എ.കെ. ആൻറണി നടത്തിയ വിമര്‍ശനാത്മക പ്രസംഗമാണ് സതീശനെ ആദ്യം ആൻറണിയിലേക്കും പിന്നീട് കോണ്‍ഗ്രസിലേക്കും ആകര്‍ഷിച്ചത്.

കമ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെ.എസ്‌.യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽനിന്ന് 16ാം വയസ്സിൽ പടിയിറക്കി, റേഷൻ കാർഡിൽനിന്ന് പേരുവെട്ടിയെങ്കിലും അതിലൊന്നും പാച്ചേനി തളർന്നില്ല. കോൺഗ്രസായാൽ കയറിക്കിടക്കാൻ വീടും പഠിക്കാൻ പണവും കിട്ടില്ലെന്നായിട്ടും തന്റെ തീരുമാനത്തിൽനിന്നു പിന്മാറിയില്ല.

1979ല്‍ പരിയാരം ഗവ. ഹൈസ്‌കൂളിൽ കെ.എസ്.യു യൂനിറ്റ് രൂപവത്കരിച്ച് അതിന്റെ പ്രസിഡൻറായാണ് സതീശന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്.

1984ല്‍ കണ്ണൂര്‍ ഗവ. പോളി ടെക്‌നിക്കില്‍ മെക്കാനിക്കല്‍ എൻജിനീയറിങ്ങിന് പഠിക്കവെ അവിടെ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് ആയി. 1985ല്‍ സ്വകാര്യ പോളിടെക്‌നിക് അനുവദിച്ചതിനെതിരെ നടത്തിയ സമരത്തിലൂടെയാണ് സതീശന്‍ വിദ്യാർഥി രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാവുന്നത്. തുടർന്ന് കെ.എസ്.യു ഭാരവാഹിത്വത്തിലൂടെ തിളങ്ങി കോൺഗ്രസിലെത്തി. 1999ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡൻറായി.

2001ലും 2006ലും കമ്യൂണിസ്റ്റ് അതികായൻ വി.എസ്. അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ നിയമസഭ തെരഞ്ഞെടുപ്പിൽ രംഗത്തിറങ്ങിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലും കൂടുതൽ അറിയപ്പെട്ടു. പിന്നീട് കണ്ണൂർ ഡി.സി.സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും താഴെക്കിടയിലുള്ള നേതാക്കൾക്കിടയിലും പാച്ചേനി പ്രിയ നേതാവായിരുന്നു.

പാച്ചേനി സർക്കാർ എൽ.പി സ്കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യു.പി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്.എൻ. കോളജിൽനിന്ന് പ്രീ ഡിഗ്രിയും പയ്യന്നൂർ കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ പോ‌ളിടെക്നിക്കിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടി.

Tags:    
News Summary - Congress leader from communist family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.