കോടതി ചൂണ്ടിക്കാട്ടിയത് സർക്കാറിന്‍റെയും ബി.ജെ.പിയുടെയും അശ്ലീലം -കോൺഗ്രസ്


ന്യൂഡൽഹി: ബി.ജെ.പി മുൻവക്താവ് നൂപുർ ശർമക്കെതിരായ നിർണായക പരാമർശങ്ങളിലൂടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് സർക്കാറിന്‍റെയും ബി.ജെ.പിയുടെയും അശ്ലീലമാണെന്ന് കോൺഗ്രസ്.

രാജ്യത്തിന്‍റെ വികാരം പ്രതിഫലിപ്പിക്കുന്നതാണ് സുപ്രീംകോടതി പരാമർശങ്ങളെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. ഭരിക്കുന്ന പാർട്ടിയെ നാണംകൊണ്ട് തല കുനിപ്പിക്കുന്നതാണ് ആ പരാമർശങ്ങൾ. സർക്കാറിനുനേരെ കണ്ണാടി പിടിക്കുകയാണ് കോടതി ചെയ്തത്. സർക്കാറിന്‍റെയും ബി.ജെ.പിയുടെയും അശ്ലീലം ചൂണ്ടിക്കാട്ടുകയും ചെയ്തു. വർഗീയവികാരം ഊതിക്കത്തിച്ച് ലാഭമുണ്ടാക്കാൻ ബി.ജെ.പി നിരന്തരം ശ്രമിക്കുന്നു എന്നത് രഹസ്യമൊന്നുമല്ല. ഈ വിഭാഗീയ, വിനാശ ചിന്താഗതികൾക്കെതിരെ പോരാടാനുള്ള ഓരോരുത്തരുടെയും ദൃഢപ്രതിജ്ഞക്ക് ശക്തിപകരുകയാണ് സുപ്രീംകോടതി ചെയ്തത്.

രാജ്യത്ത് വർഗീയ വികാരം ആളിക്കത്തിക്കുന്നതിന് ഒറ്റ ഉത്തരവാദി നൂപുർ ശർമയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഉദയ്പൂരിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിനു കാരണമായതും ബി.ജെ.പി വക്താവ് നടത്തിയ പരാമർശമാണ്. അഹങ്കാരത്തെയും മർക്കടമുഷ്ടിയേയും തികഞ്ഞ വായാടിത്തത്തെയും സുപ്രീംകോടതി വിമർശിച്ചിട്ടുണ്ട്.

ഖേദപ്രകടനം നടത്തിയ രീതിയേയും കോടതി വിമർശിച്ചു. നൂപുർ ശർമ ഭീഷണി നേരിടുന്നു എന്നതാണോ, രാജ്യത്തിന് അവർ സുരക്ഷാ ഭീഷണി ഉണ്ടാക്കിവെച്ചു എന്നതാണോ ശരിയെന്ന് കോടതി ചോദിച്ചു.

ബി.ജെ.പി വക്താവിന് പൊലീസ് നൽകിയ പ്രത്യേക പരിഗണനയും കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. നൂപുർ ശർമക്ക് ചുവപ്പു പരവതാനി വിരിക്കുകയാണോ ചെയ്തതെന്ന കോടതിയുടെ ചോദ്യം അർഥവത്താണ്. എല്ലാവിധ ദേശവിരുദ്ധ ശക്തികളുടെയും ധ്രുവീകരണത്തിന് എതിരായ പോരാട്ടം കോൺഗ്രസ് ഒരിക്കലും അവസാനിപ്പിക്കില്ല. രാഷ്ട്രീയ നേട്ടത്തിന് രാജ്യത്തെ അസ്വസ്ഥതകളിൽ മുക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. തലതിരിഞ്ഞ ചിന്താഗതിയുടെയും പെരുമാറ്റത്തിന്‍റെയും ദൂഷ്യഫലം ഓരോ ഇന്ത്യക്കാരനും അനുഭവിക്കേണ്ടിവരുകയാണെന്ന് ജയ്റാം രമേശ് പറഞ്ഞു. 

Tags:    
News Summary - congress on supremcourt statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.