തിരുവനന്തപുരം: നവകേരള സദസ്സ് ഫിനിഷിങ്ങിലേക്ക് അടുക്കുമ്പോൾ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ബസ് യാത്ര ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലേക്ക് കടക്കുമ്പോൾ സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തും. യാത്രയുടെ സമാപന ദിവസമായ ഡിസംബർ 23ന് ഡി.ജി.പി ഓഫിസിലേക്ക് എം.പിമാരെയും എം.എൽ.എമാരെയും അണിനിരത്തി മാർച്ച് നടത്തും.
യാത്ര കണ്ണൂരിലെത്തിയതു മുതൽ കരിങ്കൊടി കാണിച്ച ഇടങ്ങളിലെല്ലാം യൂത്ത് കോൺഗ്രസുകാർക്ക് മർദനമേറ്റു. പൊലീസ് മാത്രമല്ല, ഡി.വൈ.എഫ്.ഐക്കാർ നേരിട്ടിറങ്ങി കരിങ്കൊടി പ്രതിഷേധത്തെ നേരിടുന്നത് പലകുറി ആവർത്തിച്ചു. അതു മുഖ്യമന്ത്രി ന്യായീകരിച്ചതിനു പിന്നാലെ, ഗൺമാന്റെ ലാത്തിപ്രയോഗവുമുണ്ടായി. ഇത്രയൊക്കെയായിട്ടും പ്രസ്താവനയിലെ പ്രതിഷേധത്തിനപ്പുറം ഒന്നും ചെയ്യാൻ കെ.പി.സി.സിക്ക് കഴിയുന്നില്ലെന്നാണ് പാർട്ടിയിലെ വിമർശനം. കെ. മുരളീധരൻ എം.പി ഇതു തുറന്നടിച്ചു. പ്രതിഷേധത്തിന് വീര്യം പോരെന്നും യൂത്ത് കോൺഗ്രസുകാരെ തല്ലുന്ന സി.പി.എമ്മുകാർക്ക് തിരിച്ചും കൊടുക്കണമെന്നും മുരളി പറഞ്ഞതിന് കോൺഗ്രസ് അണികളിൽ വലിയ സ്വീകാര്യതയാണ് കിട്ടിയത്.
ഇതോടെയാണ് പ്രതിഷേധം ശക്തിപ്പെടുത്താൻ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചത്. നവകേരള സദസ്സിന്റെ സമാപന ദിവസം ഡി.ജി.പി ഓഫിസിലേക്കുള്ള മാർച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്നാണ് നയിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തുന്ന മൂന്നുദിവസം യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം ശക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.