കൂരാച്ചുണ്ട്: പാര്‍ട്ടി തീരുമാനം ലംഘിച്ച കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരാക്കടയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും സസ്പെൻഡ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അറിയിച്ചു. പോളി കാരക്കടയെ പിന്തുണച്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോണ്സണ് താന്നിക്കലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും മണ്ഡലം പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ഡി.സി.സി ജനറല്‍ സെക്രട്ടറി അഗസ്റ്റിന് കാരാക്കടക്ക് നൽകുകയും ചെയ്തു.
നാലു വര്‍ഷം കഴിഞ്ഞാല്‍ മുസ് ലിം ലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് കൈമാറണമെന്നാണ് ജില്ല യു.ഡി.എഫ് നേതൃത്വമെടുത്ത തീരുമാനം. എന്നാൽ, പ്രസിഡന്റ് വാക്ക് പാലിക്കാൻ തയാറായില്ല. ഇതിനെ തുടർന്ന് പഞ്ചായത്തിൽ കോൺഗ്രസുമായുള്ള മുഴുവൻ ബന്ധവും ഉപേക്ഷിക്കാൻ മുസ് ലിം ലീഗ് തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച ജില്ല യു.ഡി.എഫ് നേതൃത്വം കൂരാച്ചുണ്ടിലെ ലീഗ് നേതാക്കളുമായി ചർച്ച നടത്തുകയും ചൊവ്വാഴ്ച പകൽ 12 നുള്ളിൽ രാജിവെച്ചില്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്ന് ജില്ല കോൺഗ്രസ് നേതൃത്വം പോളിയെ അറിയിക്കുകയും ചെയ്തു.
2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റുകളില്‍ എട്ട് സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചിരുന്നത്. അതില്‍ കോണ്‍ഗ്രസ് ആറ് സീറ്റും മുസ് ലിം ലീഗ് രണ്ട് സീറ്റും നേടി. എല്‍.ഡി.എഫില്‍ സി.പി.എമ്മും കേരള കോണ്‍ഗ്രസ് (എം) രണ്ട് സീറ്റുകളിലും ഒരു സീറ്റിൽ കേരള കോൺഗ്രസ് വിമതനും വിജയിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്ന സമയത്തും യു.ഡി.എഫിൽ തർക്കം രൂക്ഷമായിരുന്നു. അന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ഇടപെട്ട് വിഷയം പരിഹരിച്ചാണ് കോണ്‍ഗ്രസ് അംഗം പ്രസിഡന്റായത്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയത്ത് യു.ഡി.എഫിലെ പ്രതിസന്ധി വലിയ തിരിച്ചടിയാണ് മുന്നണിക്ക് ഉണ്ടാക്കുന്നത്. ആറിൽ അഞ്ച് അംഗങ്ങളും കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തിന്റെ കൂടെനിന്നാൽ യു.ഡി.എഫിനുതന്നെ ഭരണം തുടരാവുന്നതാണ്.
എന്നാൽ, സസ്പെൻഡ് ചെയ്ത പ്രസിഡന്റിന്റെ കൂടെ ഒരാളെങ്കിലും നിന്നാൽ യു.ഡി.എഫിന് ഭരണം നഷ്ടമാവും. അയോഗ്യത ഭയന്ന് എല്ലാവരും നേതൃത്വത്തിന്റെ കൂടെ നിൽക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. എത്രയും പെട്ടെന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാനായിരിക്കും മുസ് ലിം ലീഗ് ശ്രമം. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കാലം ഗ്രാമപഞ്ചായത്ത് അംഗമായ ഒ.കെ. അമ്മതിനായിരിക്കും യു.ഡി.എഫ് കരുതുന്നതുപോലെ അവിശ്വാസ പ്രമേയം പാസായാൽ പ്രസിഡന്റ് പദം ലഭിക്കുക. പാരമ്പര്യ കോൺഗ്രസുകാരനാണ് പോളി കാരക്കട. ഇപ്പോൾ മണ്ഡലം പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയ അഗസ്റ്റിൻ കാരക്കട പോളി കാരക്കടയുടെ പിതാവാണ്.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദത്തിൽനിന്നും രാജിവെക്കുന്ന പ്രശ്നമില്ലെന്നും അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ അതിനെ അതിജീവിക്കുമെന്നും കോൺഗ്രസ് അച്ചടക്ക നടപടിയെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ‘മാധ്യമ’ത്തോട് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയാലും കോൺഗ്രസുകാരനായി തുടരുമെന്ന് ജോൺസൺ താണിക്കലും പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ വികാരത്തിനൊപ്പമാണ് നിന്നത്. ഭൂരിഭാഗം പ്രവർത്തകരും നേതാക്കളും തങ്ങളുടെ നിലപാടിനൊപ്പമാണെന്നും ജോൺസൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.