പൂന്തുറ: മത്സ്യസമ്പത്ത് സംരക്ഷിക്കാനായി ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ പലതും ജില്ലയില്‍ നടപ്പായില്ല. കടലില്‍നിന്ന് ആവശ്യത്തിനുള്ള മത്സ്യങ്ങള്‍ കിട്ടാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് ട്രോളിങ് പ്രഖ്യാപനം നിലവില്‍ വരുന്നനാളുകൾ ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കാലമാണ്. എന്നാല്‍, ട്രോളിങ് കാലം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കടലിലിറങ്ങുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ മത്സ്യങ്ങള്‍ കിട്ടാതെ വെറുകൈയോടെ മടങ്ങുന്ന അവസ്ഥയാണ്.
മണ്ണെണ്ണയുടെ കടുത്ത ക്ഷാമംമൂലം കരിഞ്ചന്തയില്‍നിന്ന് ഇരട്ടി വില കൊടുത്ത് വാങ്ങിയാണ് യാനങ്ങള്‍ കടലില്‍ പോകുന്നത്. ഇന്ധന ചെലവിനുള്ള മത്സ്യംപോലും കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ആഭ്യന്തര മേഖലയില്‍ മത്സ്യോൽപാദനം കൂട്ടാനുള്ള കര്‍മപരിപാടികള്‍ക്ക് ഫിഷറീസ് വകുപ്പ് നേതൃത്വം കൊടുത്തെങ്കിലും ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ നടപ്പാക്കിയത് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം കിട്ടിയില്ല.
നശിച്ചുപോയ ജലാശയ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ, തീരക്കടലില്‍ കൃത്രിമപാരുകള്‍ നിക്ഷേപിക്കൽ, തദ്ദേശീയ മത്സ്യങ്ങളുടെ വംശനാശം തടയുന്നതിന് ചെറുകിട മത്സ്യകര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്കൽ തുടങ്ങിയ നിരവധി കര്‍മപദ്ധതികള്‍ക്ക് അധികൃതർ രൂപം നല്‍കിയിരുന്നു. എന്നാൽ, തുടർനടപടികൾ പാളുകയായിരുന്നു.
ആശുപത്രികളില്‍നിന്നും ഫാക്ടറികളില്‍നിന്നുമുള്ള രാസമാലിന്യം ഒഴുകിയിറങ്ങുന്നത് കാരണം മത്സ്യങ്ങള്‍ തീരക്കടലിലേക്ക് അടുക്കാത്ത സാഹചര്യമുണ്ട്. വിഴിഞ്ഞത്ത് കടലില്‍ ട്രഡ്ജിങ് നടക്കുന്നത് കാരണം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകരുകയും ചെയ്തു.
പൂന്തുറയില്‍ തീരം സംരക്ഷിച്ച് മത്സ്യസമ്പത്ത് സംരക്ഷിച്ച് നിര്‍ത്താനായി കോടികള്‍ മുടക്കി ജിയോട്യൂബിന്റെ ആദ്യഘട്ടം ആരംഭിച്ചെങ്കിലും ഇത് വിജയമല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണങ്ങള്‍ തെളിയിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ തുടക്കത്തില്‍ ആരംഭിച്ച ശുചിത്വതീരം പദ്ധതി എങ്ങുമെത്താത്ത അവസ്ഥയാണ്.
കടലിന്റെ അടിത്തട്ടിലെ മത്സ്യക്കുഞ്ഞുങ്ങളെവരെ നിരോധിത ഒഴുക്കുവലകള്‍ ഉപയോഗിച്ച് വാരിപ്പോകുന്നത് തടയാന്‍ ഫിഷറീസ് വകുപ്പിന് ഇപ്പോഴും കഴിയുന്നില്ല. അടുത്ത ദിവസങ്ങളില്‍ ഇത് തടയാന്‍ ശ്രമിച്ച കോസ്റ്റൽ പൊലീസുകാരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍വെച്ച് തട്ടിക്കൊണ്ടുപോയ സംഭവവുമുണ്ടായി. പിന്നീട് വളരെ സാഹസികമായിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കടലിലെ മത്സ്യസമ്പത്തിന് പുറമെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് കൂട്ടാനായി പൂവാറില്‍ കൂടുതല്‍ കണ്ടല്‍കാടുകള്‍ വെച്ചുപിടിപ്പിച്ച് മത്സ്യങ്ങളുടെ ആവസ്ഥവ്യവസ്ഥ ഉണ്ടാക്കാന്‍ ലക്ഷങ്ങള്‍ വകയിരുത്തിയെങ്കിലും പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല.
ഉള്‍നാടന്‍ മത്സ്യോൽപാദനത്തിന് മാത്രമായി കഴിഞ്ഞ സര്‍ക്കാർ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നു. എന്നാൽ, ഇത്തരം പദ്ധതികള്‍ പലതും പകുതി വഴിയിലാണ്. ഇതിനുപുറമെ പരമ്പാരഗത മത്സ്യത്തൊഴിലാളികളുടെ പരമ്പാഗത രീതികള്‍ക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
കണവപോലുള്ള മത്സ്യങ്ങളെ തീരക്കടലില്‍ ആകര്‍ഷിച്ച് നിര്‍ത്തുന്നതിനായി വര്‍ഷങ്ങളായി തെങ്ങിന്റെ ക്ലാഞ്ഞിലുകള്‍ കടലില്‍ കെട്ടിത്താഴ്ത്തി ഇടുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വര്‍ഷങ്ങളായി അവലംബിച്ച് വരുന്ന മാർഗം. ഇതിന് നിരോധനം എപ്പെടുത്തിയതും തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.