തിരുവനന്തപുരം: സംസ്ഥാനത്ത് പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി ഓഫിസുകൾ ഏകീകരിച്ച് പുനഃക്രമീകരിക്കാനുള്ള മാർഗരേഖ കോർ കമ്മിറ്റി സർക്കാറിന് സമർപ്പിച്ചു. നേരത്തെ ഖാദർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ ശിപാർശകളായി ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇവ നടപ്പിൽ വരുത്താനുള്ള പ്രയോഗികനിർദേശങ്ങളും രൂപരേഖയും സമർപ്പിക്കാനാണ് സർക്കാർ കോർ കമ്മിറ്റിയെ നിയോഗിച്ചത്.
ഉപജില്ല വിദ്യാഭ്യാസ ഓഫിസ് (എ.ഇ.ഒ), വിദ്യാഭ്യാസ ജില്ല ഓഫിസ് (ഡി.ഇ.ഒ) സംവിധാനങ്ങൾ ഇല്ലാതാകുകയും പകരം േബ്ലാക്ക്, കോർപറേഷൻ തലങ്ങളിൽ സ്കൂൾ എജുക്കേഷൻ ഓഫിസ് (എസ്.ഇ.ഒ) സംവിധാനം നടപ്പാക്കാനുമുള്ള ശിപാർശകളാണ് റിപ്പോർട്ടിലുള്ളത്. ജില്ലതലത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസാണ് (ഡി.ഡി.ഇ) നിലവിലുള്ളതെങ്കിൽ ഇത് ഏകീകരണത്തോടെ ജോയൻറ് ഡയറക്ടറുടെ ഓഫിസാക്കി പരിവർത്തിപ്പിക്കും. ജില്ലയിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂളുകൾ ജോയൻറ് ഡയറക്ടർ ഓഫിസിന് കീഴിലാകും.
വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസർ തസ്തികയാണ് മറ്റൊന്ന്.
നിലവിലെ ഹയർ സെക്കൻഡറി മേഖല (ആർ.ഡി.ഡി) ഓഫിസുകളും വി.എച്ച്.എസ്.ഇ അസിസ്റ്റൻറ് ഡയറക്ടർ ഓഫിസുകളും ഇല്ലാതാകും. മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾ തൊട്ടടുത്ത േബ്ലാക്ക് കേന്ദ്രീകരിച്ചുള്ള എസ്.ഇ.ഒ ഓഫിസിന്റെ പരിധിയിലായിരിക്കും.
അധ്യാപക തസ്തിക മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തസ്തിക വരെയുള്ളവയുടെ ശ്രേണി ക്രമീകരണവും ഇതോടൊപ്പം നടക്കും. നിലവിൽ ഡയറക്ടറേറ്റ് തലത്തിൽ മാത്രം നടത്തുന്ന അക്കാദമിക മേൽനോട്ടം എസ്.ഇ.ഒ ഓഫിസ് തലം മുതൽ നടപ്പാക്കാനുള്ള ശിപാർശയും കമ്മിറ്റി നൽകിയെന്നാണ് വിവരം. അധ്യാപകൻ മുതൽ ഡയറക്ടർ വരെയുള്ളവരുടെ ചുമതലകൾ ക്രോഡീകരിച്ച് നിർവചിക്കും.
തിരുവനന്തപുരം: ഏകീകരണം യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത് 50ലേറെ ഓഫിസുകൾ കുറയുമെന്നാണ് കണക്കാക്കുന്നത്. ഇത് സർക്കാറിന്റെ സാമ്പത്തിക ബാധ്യത കുറക്കും. സംസ്ഥാനത്താകെ 218 വിദ്യാഭ്യാസ ഓഫിസുകളാണുള്ളത്. ഇതിൽ 163 ഉപജില്ല വിദ്യഭ്യാസ ഓഫിസുകളാണ്. 41 വിദ്യാഭ്യാസ ജില്ല ഓഫിസുകളും ഹയർ സെക്കൻഡറിക്ക് ഏഴ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളും വി.എച്ച്.എസ്.ഇക്ക് ഏഴ് അസി. ഡയറക്ടർ ഓഫിസുകളുമുണ്ട്. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും ആറ് കോർപറേഷനുകളിലും വിദ്യാഭ്യാസ ഓഫിസുകൾ വരും. ഫലത്തിൽ നിലവിലെ 218ന്റെ സ്ഥാനത്ത് 160 ഓഫിസുകൾ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.