കരിപ്പൂർ വിമാനത്താവളത്തിലെ അമിത പാര്‍ക്കിങ് നിരക്ക്: തെറ്റായ സമീപനമുണ്ടായാല്‍ ടെര്‍മിനല്‍ മാനേജറുമായി ബന്ധപ്പെടണം

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കിന്റെ പേരില്‍ അധിക തുക ഈടാക്കുന്നെന്ന പരാതി വ്യാപകമായതോടെ പണം പിരിക്കുന്ന കരാറുകാര്‍ക്കും ബൂത്തിലിരിക്കുന്ന തൊഴിലാളികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി വിമാനത്താവള അതോറിറ്റി. പാര്‍ക്കിങ് നിരക്ക് യാത്രക്കാര്‍ ചോദ്യംചെയ്യുകയാണെങ്കില്‍ തര്‍ക്കത്തിനും അപമര്യാദയായുള്ള ഇടപെടലിനും നില്‍ക്കാതെ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ സഹിതം വിവരം വിമാനത്താവള അഡ്മിനിസ്‌ട്രേഷന്‍ ഓഫിസില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയതായി വിമാനത്താവള ഡയറക്ടറുടെ ചുമതലയിലുള്ള സി.വി. രവീന്ദ്രന്‍ അറിയിച്ചു.

തര്‍ക്കമുന്നയിക്കുന്നവരുടെ വാഹനങ്ങള്‍ ബൂത്തിനു മുന്നില്‍ പിടിച്ചിടാതെ കടത്തിവിടണം. പരാതി ലഭിച്ചാല്‍ പരിശോധിച്ചശേഷം പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

പണം പിരിക്കുന്നവര്‍ അപമര്യാദയായി പെരുമാറുകയോ നല്‍കേണ്ട തുക സംബന്ധിച്ച് സംശയം തോന്നുകയോ ചെയ്താന്‍ യാത്രക്കാര്‍ ബഹളത്തിന് നില്‍ക്കാതെ ടെര്‍മിനല്‍ മാനേജറുടെ ഓഫിസുമായി ബന്ധപ്പെടണം. ഈ ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കഴിഞ്ഞ ദിവസം യാത്രക്കാരന് മര്‍ദനമേറ്റ സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Contact Terminal Manager for issues with Parking fee at Karipur Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.