തൊടുപുഴ: പി.ഡബ്ല്യു.ഡി കരാറുകാർ ഒരേ സമയം ഒന്നിലധികം രജിസ്ട്രേഷൻ കൈവശം വെക്കുന്നത് അവസാനിപ്പിക്കാൻ നടപടിയുമായി സർക്കാർ. ഇതുസംബന്ധിച്ച ചട്ടത്തിലെ പഴുത് മുതലെടുത്ത് നിരവധി കരാറുകാർ ഒന്നിലധികം രജിസ്ട്രേഷൻ സ്വന്തമാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി പി.ഡബ്ല്യു.ഡി കരാറുകാരുടെ രജിസ്ട്രേഷൻ സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.
നിലവിലെ വ്യവസ്ഥകൾ പ്രകാരം ഒരു വ്യക്തിക്ക് അല്ലെങ്കിൽ സ്ഥാപനത്തിന് ഒരേ സമയം പി.ഡബ്ല്യു.ഡിയുടെ ഒന്നിലധികം കരാർ രജിസ്ട്രേഷൻ എടുക്കാൻ അനുവാദമില്ല. എന്നാൽ, ചില കരാറുകാർ സ്വന്തം രജിസ്ട്രേഷനുപുറമെ തങ്ങൾക്ക് കൂടുതൽ മുതൽമുടക്കുള്ള മറ്റ് സ്ഥാപനങ്ങളുടെ പേരിലും രജിസ്ട്രേഷൻ സമ്പാദിക്കുന്നതായി പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇത്തരം രജിസ്ട്രേഷനുകളുടെ മറവിൽ പല കരാറുകാരും സ്വന്തം നിലക്കും തങ്ങളുടെ സ്ഥാപനത്തിന്റെ പേരിലും ഒരേ ടെൻഡറിൽ പങ്കെടുക്കുന്നുണ്ട്. ഇത് ടെൻഡറുകളുടെ മത്സരസ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട്. ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും തങ്ങൾക്ക് കിട്ടാനുള്ള ബിൽ കുടിശ്ശിക പുതിയ കരാറുകൾക്ക് പരസ്പരം സെക്യൂരിറ്റി നിക്ഷേപമായി നൽകുന്ന പ്രവണതയുമുണ്ട്. ഇത് കരാറുകാർക്ക് അനർഹമായ സാമ്പത്തികനേട്ടം ഉണ്ടാക്കി നൽകുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വ്യവസ്ഥ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്.
ഇനിമുതൽ കരാറുകാർ പുതിയ രജിസ്ട്രേഷൻ എടുക്കുമ്പോൾ തന്റെയോ തനിക്ക് മുഖ്യപങ്കാളിത്തമുള്ള സ്ഥാപനത്തിന്റെയോ പേരിൽ മുമ്പ് രജിസ്ട്രേഷൻ എടുത്തിട്ടില്ലെന്ന അധിക സത്യവാങ്മൂലം പി.ഡബ്ല്യു.ഡിക്ക് നൽകണം. സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.