തടവുകാരുടെ വേതനത്തിൽ നിന്ന് ഇരകൾക്ക് വിഹിതം

തടവുകാരുടെ വേതനത്തിൽ നിന്ന് ഇരകൾക്ക് വിഹിതം

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെടുന്നവർക്ക് കോടതി വിധിക്കുന്ന ധനസഹായ വിതരണം കാര്യക്ഷമമാക്കാൻ തടവുകാരുടെ വേതനത്തിന്‍റെ മൂന്നിലൊന്നു പിടിക്കാൻ തീരുമാനം. ആറുവർഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ വേതനം വർധിപ്പിക്കാൻ ജയിൽ വകുപ്പിന്‍റെ ശിപാർശ വന്ന സാഹചര്യത്തിൽ കൂടിയാണിത്. തടവുകാരുടെ വേതനത്തിന്റെ മൂന്നിലൊന്നായിരിക്കും ഇരകൾക്കുള്ള പ്രത്യേക നിധിയായ വിക്ടിം റിലീഫ് ഫണ്ടിലേക്ക്​ മാറ്റുക. ഈ ധനവിതരണം കുടിശ്ശികയാകുന്ന സാഹചര്യത്തിലാണ് ജയിൽ അധികൃതരോട് സർക്കാർ റിപ്പോർട്ട് തേടിയത്​. ജനുവരി മുതൽ തടവുകാരുടെ വേതനവിഹിതം സർക്കാറിലേക്ക് അടക്കും.

വേതനവർധനക്ക് ശിപാർശ

2018ലെ ബജറ്റിലാണ്​ അവസാനമായി തടവുകാരുടെ വേതനത്തിൽ 20 ശതമാനം വർധന​ വരുത്തിയത്​. പുതിയ ശിപാർശ പ്രകാരം 40 ശതമാനമാനമാണ് വർധന ആവശ്യപ്പെടുന്നത്​.

സെൻട്രൽ ജയിലുകളിൽ ജോലി ചെയ്യുന്ന തടവുകാർക്ക് കുറഞ്ഞ ദിവസക്കൂലി നിലവിലെ 63 രൂപയിൽനിന്ന് 100 ആയും കൂടിയ കൂലി 168 ൽ നിന്ന് 300 ആയും വർധിപ്പിക്കണമെന്നും തുറന്ന ജയിലുകളിലെ കൂലി 230 രൂപയിൽനിന്ന് 350 ആയി ഉയർത്തണമെന്നും ശിപാർശയുണ്ട്. സെൻട്രൽ ജയിലുകളിൽ 240 ദിവസത്തെ അപ്രന്റിസ്ഷിപ് ഉണ്ട്​. വരുന്ന സംസ്ഥാന ബജറ്റിൽ ഇതിനുള്ള വിഹിതം അനുവദിക്കുമെന്നാണ്​ സൂചന.

തടവുകാർക്ക് ലഭിക്കുന്ന പണത്തിൽ പകുതി കുടുംബാവശ്യങ്ങൾക്കായി ചെലവഴിക്കാം. ബാക്കി കാന്റീൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക്​ ഉപയോഗിക്കാം. ഇതിലും മാറ്റം വരുന്നുണ്ട്.

ധനസ്രോതസ്സ് പലത്

സംസ്ഥാന ബജറ്റിൽനിന്നുള്ള വിഹിതം, ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പുപ്രകാരം ചുമത്തുന്ന പിഴ, വ്യക്തികൾ, ജീവകാരുണ്യ സംഘടനകളിൽ നിന്ന്​ ലഭിക്കുന്ന സംഭാവന, പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് തുടങ്ങിയവയാണ് നിധിയിലേക്കുള്ള മറ്റ് സ്രോതസ്സുകൾ.

മറ്റ് സ്രോതസ്സുകളിൽനിന്ന് നാമമാത്ര ഫണ്ട്​ മാത്രമാണ്​ ലഭിക്കുന്നതെന്നതിനാൽ കഴിഞ്ഞവർഷം സർക്കാർ 30 കോടി നിധിയിലേക്ക് അനുവദിച്ചു.

News Summary - Contribution to victims from prisoners wages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.