ആറ്റിങ്ങൽ: അഞ്ചുതെങ്ങ് കലാപത്തെ ആസ്പദമാക്കി വരച്ച ചുമർചിത്രം 'അഞ്ചുതെങ്ങ് സമരം'എന്ന പേരിൽ പുനർജനിക്കുന്നു. കഴക്കൂട്ടം ആക്കുളം ബൈപാസ് ചുമരിൽ ആർട്ടീരിയ പദ്ധതി പ്രകാരം ആറ്റിങ്ങൽ കലാപത്തെ സംബന്ധിച്ച ചുമർ ചിത്രം വരച്ചിരുന്നു. അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് നടന്ന കലാപം ആറ്റിങ്ങൽ കലാപം എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. ആർട്ടീരിയയിൽ വരച്ച ചിത്രത്തിന് ഒപ്പം അഞ്ചുതെങ്ങ് സമരം/പ്രതിരോധം എന്നാണ് രേഖപ്പെടുത്തിയത്. 'ആറ്റിങ്ങൽ കലാപം'എന്നാക്കി തിരുത്തണം എന്നാവശ്യപ്പെട്ട് നഗരസഭയും എം.എൽ.എയും ആറ്റിങ്ങൽകാരും രംഗത്തു വന്നു. തുടർന്ന് തിരുത്തൽ വരുത്തി. അഞ്ചുതെങ്ങ് പഞ്ചായത്തും ചിറയിൻകീഴ് എം.എൽ.എയും തിരുത്തലിനെതിരെ രംഗത്തു വന്നു.
വീണ്ടും പേരിൽ തിരുത്തലിന് കാരണമായി. പ്രാദേശിക വാദത്തിലൂടെയാണ് ഇതു വിവാദമായത്. തുടർന്ന് ആർട്ടീരിയയിൽ സ്ഥലപ്പേരുകൾ ഒഴിവാക്കപ്പെട്ടു. കലാപത്തെ ആസ്പദമാക്കി വരച്ച ചുമർചിത്രമാണ് അഞ്ചുതെങ്ങ് സമരം എന്ന പേരിൽ പുനർജനിക്കുന്നത്.
അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിലെ 50 മീറ്ററോളം നീളത്തിലുള്ള മതിലിലാണ് അഞ്ചുതെങ്ങ് കലാപത്തിന്റെ ചരിത്ര സ്മരണകളുണർത്തുന്ന ചുമർചിത്രം പുനർജനിച്ചത്. അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. ലൂസിയാൻ തോമസിന്റെയും പാരിഷ് കൗൺസിലിന്റെയും നേതൃത്വത്തിലാണ് ഇതിനു കളമൊരുങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് കലാപം തിരുത്തലുകളും കൂട്ടിച്ചേർക്കലുകളുമില്ലാതെ അഞ്ചുതെങ്ങിൽ പുനഃസ്ഥാപിക്കാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനമെടുത്തതും വരച്ചതും. മാർച്ച് 19 ന് ചുമർചിത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടക്കും.
ചടങ്ങിൽ രൂപത, ഇടവക പ്രതിനിധികളുടെയും രാഷ്ട്രീയ-സാമൂഹിക- സാംസ്കാരികരംഗത്തെ പ്രമുഖരുടെയും സാന്നിധ്യം ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.