ചാവക്കാട്: പാചകവാതകത്തിന്റെയും എണ്ണകളുൾപ്പടെ നിത്യോപയോഗസാധനങ്ങളുടെ വിലയും വൈദ്യുതി ചാർജിന്റെയും വർധന കാരണം ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികൾ പറയുന്നു.
ഭക്ഷ്യ എണ്ണകൾ, ധാന്യങ്ങൾ, മൈദ, ഉള്ളി, തക്കാളി എന്നിവക്കാണ് അടുത്തയിടെ വില വർധിച്ചത്. എണ്ണക്കടികൾക്കും വിവിധ തരത്തിലുള്ള കറികൾക്കും ഇപ്പോഴുള്ള വില കൂട്ടാതെ നിവൃത്തിയില്ല. എന്നാൽ, വില കൂട്ടിയാൽ കച്ചവടം കുറയുമെന്ന ആശങ്ക ഹോട്ടൽ വ്യാപാരികളെ കടുത്ത സമ്മർദത്തിലാക്കുന്നു.
പാംഓയിൽ, സൺഫ്ലവർ ഓയിൽ, എന്നിവയാണ് പാചകത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഓണത്തിന് മുമ്പ് ലിറ്ററിന് 110 രൂപയായിരുന്ന സൺഫ്ലവറിന് 140 രൂപയായി. 105 രൂപയായിരുന്ന പാമോയിൽ 135 ആയി. വെളിച്ചെണ്ണ വില 220-250 വരെയാണ്. മൈദ, പഞ്ചസാര, നെയ്യ് തുടങ്ങിവക്കും വില വർധനവുണ്ടായിട്ടുണ്ട്.
മൈദ വില 50 കിലോ ചാക്കിന് 250 രൂപയാണ് വർധിച്ചത്. തക്കാളി, സവാള, മണിക്കടല, തേങ്ങ എന്നിവയുടെ വില കൂടി വർധിച്ചതോടെ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് ഹോട്ടൽ വ്യാപാരികൾ. ഒപ്പം മിന്നലിടിയായി പാചകവാതക വിലയും ഉയർത്തി. സംസ്ഥാന സർക്കാർ ഇപ്പോൾ വൈദ്യുതി ചാർജ് വർധിപ്പിച്ചതോടെ വ്യാപാരികൾക്ക് ശരിക്കും ഇരുട്ടടിയായി. ഈയവസ്ഥ ഹോട്ടൽ വ്യാപാര രംഗത്ത് മാത്രമല്ല സാധാരണക്കാരന്റെ വീട്ടിലും ബാധിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.