ന്യൂഡൽഹി: രാജ്യത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മൂല്യപരിധിയില്ലാതെ കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും അനുമതി നൽകി കേന്ദ്ര സർക്കാർ. ഇതിനായി 2020ൽ ഭേദഗതി വരുത്തിയ കൊറിയർ എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് നിയന്ത്രണ ചട്ടം വീണ്ടും ഭേദഗതി ചെയ്തു. എക്സ്പ്രസ് കാർഗോ ക്ലിയറൻസ് സിസ്റ്റം (ഇ.സി.സി.എസ്) പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ കൊറിയർവഴി കോവിഡ് വാക്സിനുകളുടെ ഇറക്കുമതിയും കയറ്റുമതിയും സുഗമമാക്കുന്നതിന് കേന്ദ്ര ബോർഡ് ഓഫ് പരോക്ഷനികുതി- കസ്റ്റംസ് (സി.ബി.ഐ.സി) ചട്ടങ്ങളിലാണ് സർക്കാർ ഭേദഗതി വരുത്തിയത്. വാക്സിൻ കൊണ്ടു വരുന്നതിനുള്ള മാർഗ നിർദേശങ്ങളും സി.ബി.ഐ.സി പുറത്തിറക്കിയിട്ടുണ്ട്.
താപനില നിരീക്ഷണവും ട്രാക്കിങ് സംവിധാനവുമുള്ള കാർഗോ കണ്ടെയ്നറുകളിലായിരിക്കണം വാക്സിനുകൾ എത്തിക്കേണ്ടത്. വാക്സിൻ ഇറക്കുമതി ചെയ്യുേമ്പാഴും കയറ്റുമതി ചെയ്യുേമ്പാഴും പുതിയ നിശ്ചിത സംവിധാനങ്ങളുള്ള കണ്ടെയ്നറുകൾ ഉപയോഗിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കൊറിയർ കമ്പനികളോട് നിർദേശിക്കുമെന്ന് സി.ബി.ഐ.സി വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന വാക്സിനുകൾ നിയന്ത്രിത താപനിലയിൽ സൂക്ഷിക്കുന്നതും വിതരണത്തിനായി കൊണ്ടു പോകുന്നതുമാണ് ഏറെ വെല്ലുവിളി.
ഒന്നിലധികം വകുപ്പുകളെ ഏകോപിപ്പിച്ച് ശക്തമായ സംവിധാനം തന്നെ ഇതിന് ആവശ്യമാണെന്നും ഫീൽഡ് ഓഫിസർമാർക്ക് അയച്ച കത്തിൽ സി.ബി.ഐ.സി ഓർമിപ്പിച്ചു.
നടപടികൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ജോയൻറ്/അഡീഷനൻ കസ്റ്റംസ് കമീഷനർ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴിൽ പ്രത്യേക ദ്രുതകർമ സേനയെയും രൂപവത്കരിച്ചിട്ടുണ്ടെന്ന് സി.ബി.ഐ.സി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ലോകത്തെ പ്രമുഖ മരുന്ന് നിർമാണക്കമ്പനികൾ ഇന്ത്യയിലേക്ക് കോവിഡ് വാക്സിൻ വൻതോതിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണെന്ന് എ.എം.ആർ.ജി ആൻഡ് അസോസിയേറ്റ്സിെൻറ സീനിയർ പാർട്ട്ണർ രജത് മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.