പട്ടാപ്പകൽ, നടുറോഡ്, കൂട്ടനിലവിളി... ഹൃദയഭേദകം ഈ കാഴ്ചകൾ

കണ്ണൂർ: പട്ടാപ്പകൽ നടുറോഡിൽ കാർ നിന്ന് കത്തുന്നു. അന്തരീക്ഷത്തിലുയർന്ന ഭീകരമായ കൂട്ടനിലവിളികൾക്കിടെ എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം തലയിൽ കൈവെച്ച് നിന്നുപോയി നാട്ടുകാർ. ആളിക്കത്തുന്ന തീയണക്കാൻ കണ്ടുനിന്നവർ പരക്കംപായുന്നതിനിടെ ആ നിലവിളികൾ മെല്ലെയമരുന്നു.

തീനാളങ്ങൾക്കിടയിൽനിന്ന് എങ്ങനെയോ നാലുപേരെ തടിച്ചുകൂടിയവർ രക്ഷപ്പെടുത്തുന്നു.... ഹൃദയഭേദകമായിരുന്ന കാഴ്ചകൾക്കാണ് വ്യാഴാഴ്ച രാവിലെ 10.40ന് കണ്ണൂർ ജില്ല ആശുപത്രിക്കു സമീപം നാട്ടുകാർ സാക്ഷ്യം വഹിച്ചത്.


പൂർണ ഗർഭിണിയായ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ റീഷ (26)യെ പ്രസവവേദനയെ തുടർന്ന് ജില്ല ആശുപത്രിയിലേക്ക് എത്തിക്കാനാണ് ഭർത്താവ് പ്രജിത്തും (32) ഇവരുടെ മ​കളും മാതാപിതാക്കളും കാറിൽ രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടത്. ജില്ല ആശുപത്രിയിലെത്താൻ മീറ്ററുകൾ മാത്രം ശേഷിക്കെയാണ് കാറിൽനിന്ന് പുകയുയർന്നതും പിന്നാലെ തീ കത്തിപ്പടർന്നതും.

റീഷയുടെ മകളും മാതാപിതാക്കളും ഉൾപ്പടെ നാലുപേരാണ് പിൻസീറ്റിലിരുണ്ടായിരുന്നത്. ഇവരെ ഒരുവിധം നാട്ടുകാർ പുറത്തിറക്കിയെങ്കിലും മുന്നിലെ ഡോറുകൾ തുറക്കാൻ റീഷക്കോ പ്രജിത്തിനോ രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കോ കഴിഞ്ഞില്ല. കാറിന്റെ ഡോറുകൾ ലോക്കായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


കത്തുന്ന തീനാളങ്ങൾക്കു മുന്നിൽ അടുക്കാനാവാതെ പകച്ചുനിന്നുപോയി ജനം. ഒരുബക്കറ്റ് വെള്ളം പോലും കിട്ടാതെ കണ്ടുനിന്നവർ കരഞ്ഞുപോയ നിമിഷങ്ങൾ. തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഫയർ​ഫോഴ്സ് എത്തുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

Tags:    
News Summary - couple caught fire in their car in Kannur within seconds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.