കോട്ടയം: വ്യവസായിയും ഭാര്യയും നഗരമധ്യത്തിലെ വീട്ടിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് കൊല്ലപ്പെട്ടത്.
കോടാലിയുടെ പുറംഭാഗം കൊണ്ട് പലതവണ തലക്കും മുഖത്തും അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. മുഖം തിരിച്ചറിയാനാവാത്തവിധം വികൃതമായിരുന്നു. മീരയുടെ തലക്ക് പിറകിലും ദേഹത്തും മുറിവുണ്ട്. കൊലക്ക് ഉപയോഗിച്ച കോടാലി മുറിയിൽനിന്ന് കണ്ടെടുത്തു.
സംഭവത്തിൽ ഇവരുടെ ഓഡിറ്റോറിയത്തിലെ മുൻ ജീവനക്കാരൻ അസം സ്വദേശി അമിതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. വിജയകുമാറും ഭാര്യയും മാത്രമാണ് ഇവിടെ താമസം. മകൻ ഗൗതം ഏഴുവർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. മകൾ ഗായത്രി ഭർത്താവിനൊപ്പം അമേരിക്കയിലാണ്.
രണ്ട് ജോലിക്കാരിൽ ഒരാൾ രാവിലെ വന്ന് വൈകീട്ട് അഞ്ചരക്ക് മടങ്ങും. പുറംപണിക്കാരൻ പൊൻരാജ് വീടിനോടുചേർന്ന മുറിയിലാണ് താമസം. പുറത്തുപോയ വിജയകുമാർ തിങ്കളാഴ്ച രാത്രി പത്തിന് തിരിച്ചെത്തിയിരുന്നു. പൊൻരാജാണ് ഗേറ്റ് തുറന്നുകൊടുത്തത്.
ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വരുമ്പോൾ മുൻവശത്തെ വാതിൽ ഒരു പാളി തുറന്നുകിടക്കുകയായിരുന്നു. അകത്തുകയറിയപ്പോൾ ഇടതുവശത്തെ മുറിയിൽ വിജയകുമാറിന്റെയും വലതുവശത്തെ മുറിയിൽ മീരയുടെയും മൃതദേഹം കാണുകയായിരുന്നു. വിജയകുമാറിന്റെ ദേഹത്ത് വസ്ത്രമുണ്ടായിരുന്നില്ല. മീരയുടെ മൃതദേഹം കിടന്ന മുറിയിലെ കട്ടിലിലാണ് കൊലക്ക് ഉപയോഗിച്ച കോടാലി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.