ആലപ്പുഴ: സിനിമയെ വെല്ലുന്ന അതിസാഹിമായ കാഴ്ച്ചയ്ക്കായിരുന്നു നെഹ്റുട്രോഫി സ്റ്റാർട്ടിങ് പോയിന്‍റിന്‍റെ പടിഞ്ഞാറേ കടത്ത് വള്ള കടവ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. അക്കരെ മരണ വീട്ടിൽ പോയി തിരികെ വരികയായിരുന്നു പുന്നമട സ്വദേശികളായ ലിനോഷ് - സിനി ദമ്പതികൾ. ഇവർ പോയ അതേ മരണ വീട്ടിലേക്ക് പോവുകയായിരുന്നു ആലപ്പുഴ തത്തംപള്ളി വാർഡ് കൊല്ലപ്പള്ളി സ്വദേശിനികളായ വിജയമ്മയും മകൾ ബിന്ദുവും. സിനിയും ലിനേഷും മക്കളും കടത്ത് വള്ളത്തിൽ നിന്ന് ഇറങ്ങി നടന്നിരുന്നു. ബിന്ദു കയറിയതും വള്ളം കടവിൽ നിന്നും അകന്നു. പിന്നാലെ കടത്ത് വള്ളത്തിലേക്ക് കയറുകയായിരുന്ന 70കാരി വിജയമ്മ വെള്ളത്തിലേക്ക് വീണു. ബിന്ദു അമ്മക്ക് കൈ കെടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത നിമിഷം വെള്ളത്തിലേക്ക് വീണു.
ബഹളം കേട്ട് തിരിഞ്ഞുനോക്കിയ ലിനോഷ് കുമാർ ഓടിയെത്തി വെള്ളത്തിലേക്ക് ചാടി. നെഹ്റു ട്രോഫി പാലം പണിയാൻ കുഴിയെടുത്തതിനാൽ ഇവിടെ പത്തടിയോളം താഴ്ച്ചയുണ്ടായിരുന്നു. പിന്നാലെ കുട്ടികളെ കരക്ക് നിർത്തി സിനിയും വെള്ളത്തിലേക്ക് ചാടി. പിന്നാലെ വിവരമറിഞ്ഞ് ഓടിയെത്തിവർ വിജയമ്മയെയും മകൾ ബിന്ദുവിനെയും ആശുപതിയിലേക്ക് മാറ്റി. സ്ഥിരം കടത്ത്കാരന് സുഖമില്ലാത്തതിനാൽ പകരത്തിനുള്ള കടത്ത്കാരനായിരുന്നു ഉണ്ടായിരുന്നത്. വള്ളം കടവിലേക്ക് കൃത്യമായി അടുപ്പിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. വള്ളവും വെള്ളവുമായി യാതൊരു ബന്ധവുമില്ലായിരുന്ന വിജയമ്മയ്ക്കും ബിന്ദുവിനും ഇത് രണ്ടാം ജനമാണ്.
കുറച്ച് വെള്ളം കുടിച്ചതൊഴിച്ചാൽ 49കാരി ബിന്ദുവിന് കുഴപ്പമൊന്നുമില്ല. വിജയമ്മയ്ക്ക് കാലിന് ചെറിയ പരിക്കേറ്റു. ജീവൻ രക്ഷിച്ചവരെ കാണണമെന്ന് ഇരുവർക്കും ആഗ്രഹമുണ്ടായിരുന്നു. പരസ്പരം അറിയാത്തവർ ഇന്നലെ കണ്ടുമുട്ടി. മരണക്കയത്തിൽനിന്ന് കൈ പിടിച്ചുകയറ്റിവരുടെ കൈകളിൽ പിടിച്ചപ്പോൾ വിജയമ്മയുടെയും മകളുടെയും കണ്ണുകൾ നിറഞ്ഞു. ലിനോഷ് ടൂറിസം മേഖലയിലും കൂലിപ്പണിയെടുത്തുമാണ് ജീവിക്കുന്നത്. സിനി ആന്‍റണി മലയിൽ ആൻഡ് കോയിൽ അക്കൗണ്ടന്‍റായും ജോലി ചെയ്യുന്നു.
നീന്താൻ അറിയാത്ത ഞങ്ങൾക്ക് ജീവൻ തിരിച്ചു കിട്ടിയത് വലിയ ഭാഗ്യമായെന്നും കുട്ടികളെ കരയ്ക്ക് നിർത്തി സിനി ഓടി എത്തി ചാടി കോരിയെടുത്തില്ലായിരുന്നെങ്കിൽ എല്ലാം കഴിഞ്ഞേനേയെന്നും ബിന്ദു മാധ്യമത്തോട് പറഞ്ഞു. ദൈവമാണ് ആ കുട്ടിയെ അവിടെ എത്തിച്ചത്. മരണം മുന്നിൽ കണ്ടാകും അതും പത്തടി താഴ്ച്ചയിലേക്ക് ചാടിയത്. ഞാൻ വെള്ളത്തിനടിയിലേക്ക് കുറേ താഴ്ന്നപ്പോഴാണ് സിനി എത്തിയത്. കരയ്ക്ക് എത്തിയപ്പോഴും രക്ഷിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ജീവൻ രണ്ടാമതും തന്നെവരെ കാണണമെന്നുണ്ടായിരുന്നു, കണ്ടു -ബിന്ദു പറഞ്ഞു. കൈകൾ കൂപ്പി നിറകണ്ണുകളോടെ അമ്മയും മകളും പറഞ്ഞു, മറക്കില്ല നിങ്ങളെ...
photo ജീവൻ രക്ഷിച്ച ലിനോഷിനെയും സിനിയേയും വിജയമ്മയും ബിന്ദുവും കണ്ട് മുട്ടിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.